കോണ്‍ഗ്രസ്സില്ലാത്ത ദേശീയ ബദലെന്ന സിപിഎം വാദം ബിജെപിക്ക് സഹായകമാവും: മുസ്‌ലിം ലീഗ്

തൃശൂര്‍: പാര്‍ട്ടി പറയുന്നതുപോലെ വിധിന്യായം നടത്തണമെന്ന് സുപ്രീംകോടതി ജഡ്ജിമാരോട് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തല്‍ വളരെയേറെ ഞെട്ടലോടെയാണ് രാജ്യം ശ്രദ്ധിച്ചതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. തൃശൂര്‍ സീതിസാഹിബ് സ്മാരക സൗധത്തില്‍ മുസ്‌ലിംലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആസന്നമായ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍ കോണ്‍ഗ്രസില്ലാത്ത ദേശീയ ബദല്‍ എന്ന സിപിഎമ്മിന്റെ വാദം ബിജെപിയെ പരോക്ഷമായി സഹായിക്കുന്ന നടപടിയാണ്. വിഷം ചീറ്റുന്ന വര്‍ഗീയ ഫാഷിസ്റ്റ് പ്രാസംഗികര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്ത പിണറായി സര്‍ക്കാര്‍ മതപ്രബോധകരെ കാരണം കൂടാതെ ജയിലടക്കുന്ന നടപടി സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്. ഉത്തരേന്ത്യയിലെ ബിജെപി സര്‍ക്കാരുകളേക്കാ ള്‍ മോശമായ സമീപനമാണ് കേരളത്തിലെ ന്യൂനപക്ഷങ്ങളോട് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഷംസുദ്ദീന്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി എ മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി എം അമീര്‍, സെക്രട്ടറിയേറ്റംഗം ഇ പി കമറുദ്ദീന്‍, ജില്ലാ ഭാരവാഹികളായ എം പി കുഞ്ഞിക്കോയ തങ്ങള്‍, ആര്‍ വി അബ്ദുള്‍റഹീം, കെ എ ഹാറൂണ്‍റഷീദ്, വി കെ മുഹമ്മദ്, എം കെ മാലിക്, പി കെ മുഹമ്മദ്, ആര്‍ പി ബഷീര്‍, അഡ്വ. വി എം മുഹമ്മദ് ഗസാലി, എം എ റഷീദ്, പി കെ ഷാഹുല്‍ ഹമീദ്, സി എ അബ്ദുട്ടി ഹാജി, പി എ ഷാഹുല്‍ഹമീദ്, എം വി സുലൈമാന്‍ പ്രസംഗിച്ചു.

RELATED STORIES

Share it
Top