കോണ്‍ഗ്രസ്സിലെയും സിപിഎമ്മിലെയും അനൈക്യം; കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍എസ്എസ്-ബിജെപി നേതൃത്വം

കൊച്ചി: കോണ്‍ഗ്രസ്സിലെയും സിപിഎമ്മിലെയും അനൈക്യവും ചേരിപ്പോരും മുതലെടുത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമവുമായി ആര്‍എസ്എസും ബിജെപിയും കരുനീക്കം ശക്തമാക്കി. ആര്‍എസ്എസില്‍ നിന്നു കൂടുതല്‍ പേര്‍ ബിജെപി നേതൃനിരയില്‍ എത്തും. മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനവും കുമ്മനം രാജശേഖരന്റെ പാര്‍ട്ടി അധ്യക്ഷസ്ഥാനവും കേരളത്തില്‍ പിടിമുറുക്കാനുള്ള ആര്‍എസ്എസ് ലക്ഷ്യത്തിന്റെ ഭാഗമായുള്ളതാണെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസ്സിലെ ചേരിപ്പോരും സിപിഎമ്മില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള വിഭാഗീയതയും രൂക്ഷമാണ്. കേരളത്തില്‍ രാഷ്ട്രീയമായി പിടിമുറുക്കാന്‍ ഇതിനേക്കാള്‍ മികച്ച അവസരമില്ലെന്നാണു ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിലയിരുത്തല്‍. ഇതിന്റെ ഭാഗമായിട്ടാണ് എസ്എന്‍ഡിപിയുമായി സഖ്യമുണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും തയ്യാറായിരിക്കുന്നത്. കേരളത്തില്‍ സിപിഎമ്മിന്റെ നല്ലൊരു ശതമാനം അണികളും ഈഴവസമുദായത്തില്‍ നിന്നുള്ളവരാണ്. കോ ണ്‍ഗ്രസ്സിലും ഈഴവ സമുദായത്തില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യം വേണ്ടുവോളമുണ്ട്. ഈ രണ്ടു പാര്‍ട്ടിയിലും ഉള്ളവരിലെ ഭൂരിഭാഗം സമുദായാംഗങ്ങളും എസ്എന്‍ഡിപിയിലും ഉണ്ട്. ഈ സാഹചര്യത്തില്‍ എസ്എന്‍ഡിപിയുമായി സഖ്യമുണ്ടാക്കിയാല്‍ അത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്താമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍.
നേതൃത്വത്തെച്ചൊല്ലി കോണ്‍ഗ്രസ്സിലും സിപിഎമ്മിലും കടുത്ത ചേരിപ്പോര് നടക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാന്‍ വിഎസും പിണറായി വിജയനും രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ വീണ്ടും അഭിപ്രായഭിന്നത രൂക്ഷമാവുമെന്നും ഇത് കൃത്യമായി ഉപയോഗിച്ചാല്‍ ബിജെപിക്കു സംസ്ഥാനത്ത് നേട്ടം കൊയ്യാനാവുമെന്നുമാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.
ബിജെപിയിലും വിഭാഗീയത രൂക്ഷമാണ്. ഇതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രനേതൃത്വം ഇടപെട്ട് കുമ്മനം രാജശേഖരനെ പാര്‍ട്ടി അധ്യക്ഷനാക്കിയിരിക്കുന്നത്. ഒപ്പം ആര്‍എസ്എസിന്റെ പിടി ബിജെപിയില്‍ ഉണ്ടാവുകയെന്നതും കുമ്മനം രാജശേഖരനെ പ്രസിഡന്റാക്കിയതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നു. ഇതിനുപുറമെ ആര്‍എസ്എസിലെയും ഹിന്ദു ഐക്യവേദിയിലെയും കൂടുതല്‍ നേതാക്കളെ ബിജെപിയുടെ നേതൃനിരയിലേക്കു കൊണ്ടുവരാനാണ് കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്.യുഡിഎഫിലെയും എല്‍ഡിഎഫിലെയും പല ഘടക കക്ഷികളും അസംതൃപ്തരാണ്. ഇവരെ ഉപയോഗിച്ചു മൂന്നാം മുന്നണിയെന്ന സംവിധാനമുണ്ടാക്കുകയെന്നതാണ് ആര്‍എസ്എസിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ക്രിസ്ത്യന്‍, മുസ്‌ലിം സമുദായവുമായി അടുക്കാനും ആര്‍എസ്എസ് നീക്കം ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍, ആര്‍എസ്എസിന്റെ നീക്കം എത്ര കണ്ടു ഫലപ്രദമാവുമെന്നത് കാലം തെളിയിക്കേണ്ട കാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലങ്ങളായി തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തില്‍ നിന്നു വിട്ട് ആര്‍എസ്എസുമായി കൂട്ടുകൂടാന്‍ ഇവര്‍ ഇറങ്ങി പുറപ്പെടില്ലെന്നു തന്നെയാണ് വിലയിരുത്തല്‍.
എന്നാല്‍, വെള്ളാപ്പള്ളി നടേശന്റെ ആജ്ഞയ്‌ക്കൊത്തു പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗത്തെ കൂടെ നിര്‍ത്തി അങ്ങനെ എല്‍ഡിഎഫിനും യുഡിഎഫിനും ലഭിക്കുന്ന വോട്ടുകളില്‍ വിള്ളലുണ്ടാക്കാമെന്നും ആര്‍എസ്എസ്-ബിജെപി നേതൃത്വം കണക്കുകൂട്ടുന്നു.

RELATED STORIES

Share it
Top