കോണ്‍ഗ്രസ്സിന് വോട്ട് ചെയ്ത ലീഗ് അംഗത്തിന് സസ്പെന്ഷന്
kasim kzm2018-09-03T07:33:42+05:30
പഴയങ്ങാടി: മുസ്ലിം ലീഗും കോണ്‍ഗ്രസ്സും ചേര്‍ന്ന് ഭരിക്കുന്ന മാടായി പഞ്ചായത്തിലെ വികസന സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസ്സിന് വോട്ട് രേഖപ്പെടുത്തിയ ലീഗ് പ്രതിനിധി കെ ഹംസക്കുട്ടിയെ സംസ്ഥാന കമ്മിറ്റി സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് തിരഞ്ഞെടുപ്പില്‍ ലീഗിലെ എസ് കെ ആബിദക്ക് വോട്ട് ചെയ്യാതെ കോണ്‍ഗ്രസ്സിലെ കെ ഡെയ്സിക്കാണ് ഹംസക്കുട്ടി വോട്ട് രേഖപ്പെടുത്തിയത്. ഇതോടെ ഡെയ്സി അട്ടിമറി വിജയം നേടുകയുണ്ടായി. ഡെയ്സിക്ക് മൂന്നും ആബിദക്ക് രണ്ടും വോട്ടുകളാണു ലഭിച്ചത്. ഡെയ്സിക്ക് സ്വന്തം വോട്ടും മറ്റൊരു കോണ്‍ഗ്രസ് അംഗമായ കെ രേഷ്മയുടെയും, ലീഗിലെ കെ ഹംസക്കുട്ടിയുടെയും വോട്ടുകള്‍ ലഭിച്ചതോടെ അട്ടിമറി വിജയമുണ്ടായി. ആബിദക്ക് സ്വന്തംവോട്ടും സിപിഎം അംഗത്തിന്റെ വോട്ടും കിട്ടി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് സ്ഥാനത്തേക്ക് ഹംസക്കുട്ടി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കാന്‍ ലീഗ് നേതൃത്വം തയ്യാറായില്ല. ഇതാണ് കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ഹംസക്കുട്ടിയെ പ്രേരിപ്പിച്ചത്. യുഡിഎഫ് സംവിധാനത്തില്‍ ഭരണം നടക്കുന്ന മാടായി പഞ്ചായത്തില്‍ ലീഗിന് അവകാശപ്പെട്ടതാണ് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് സ്ഥാനം. ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് ലീഗിലെ എ സുഹറാബി കൈകാര്യം ചെയ്തതായിരുന്നു വികസന സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം. ഇവര്‍ രാജിവച്ചപ്പോള്‍ ലീഗിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന എസ് കെ ആബിദയെ മല്‍സരിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, വെങ്ങരയില്‍ പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വേദ ഡിസ്പെന്‍സറി മുട്ടത്തേക്ക് മാറ്റാന്‍ മുന്‍കൈയെടുത്തത് ആബിദയാണെന്ന കാരണത്താല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്പേഴ്സന് സ്ഥാനത്തേക്ക് ഇവര്‍ മല്‍സരിച്ചാല്‍ വോട്ട് ചെയ്യില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. ഇക്കാരണത്താലാണ് ആബിദക്കെതിരേ കെ ഡെയ്സിയെ കോണ്‍ഗ്രസ് രംഗത്തിറക്കിയത്. മുസ്ലിം ലീഗിന് 10ഉം കോണ്‍ഗ്രസ്സിന് നാലും ഇടതുപക്ഷത്തിന് അഞ്ചും ലീഗ് വിമതനായി മല്‍സരിച്ചു ജയിച്ച ഒരാളും ഉള്‍പ്പെടെ 20 അംഗങ്ങളാണ് മാടായി പഞ്ചായത്തിലുള്ളത്.