കോണ്‍ഗ്രസ്സിന്റെ കൈകളില്‍ മുസ്‌ലിംകളുടെ രക്തമുണ്ട്: സല്‍മാന്‍ ഖുര്‍ഷിദ്

അലിഗഡ്: കോണ്‍ഗ്രസ്സിന്റെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്നു മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അലിഗഡ് സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ സംസാരിക്കവേയാണു സ്വന്തം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.
മുസ്‌ലിംകളുടെ ചോര കൈകളില്‍ നിന്നു കോണ്‍ഗ്രസ് എങ്ങനെ കഴുകിക്കളയും എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഖുര്‍ഷിദ്.
ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണ്. ഞങ്ങളുടെ കൈകളില്‍ ചോരയുണ്ട്. ഞാനും കോണ്‍ഗ്രസ്സിന്റെ ഭാഗമാണ്. അതിനാല്‍ അതുപറയാന്‍ എന്നെ അനുവദിക്കുക. ഞങ്ങളുടെ കൈകളില്‍ പുരണ്ട ചോര കാണിച്ചുതരാന്‍ ഞങ്ങള്‍ ഒരുക്കമാണ്- അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് ഭരണകാലത്തു നിരവധി വര്‍ഗീയ കലാപങ്ങള്‍ നടന്നുവെന്നും ബാബരി മസ്ജിദിനകത്തു രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് പൊളിച്ചതും കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യം ഭരിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നുവെന്നുമാണു വിദ്യാര്‍ഥി ചൂണ്ടിക്കാണിച്ചത്.
കോണ്‍ഗ്രസ്സിന്റെ കൈകളില്‍ മുസ്‌ലിംകളുടെ രക്തംപുരണ്ട രക്തം എന്തു വാക്കുകള്‍ കൊണ്ടു കഴുകിക്കളയും എന്നായിരുന്നു ചോദ്യം. അതിനുള്ള മറുപടിയിലായിരുന്നു ഖുര്‍ഷിദിന്റെ കുറ്റസമ്മതം. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top