കോട്ടുവള്ളി ക്ഷേത്ര കവര്‍ച്ച: പ്രധാന പ്രതികള്‍ പിടിയില്‍

പറവൂര്‍: കോട്ടുവള്ളിയില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കേസില്‍ പ്രധാന പ്രതികളായ രണ്ടുപേര്‍ കൂടി പിടിയിലായി. ചേര്‍ത്തല സ്വദേശി മഹേഷ്, അട്ടപ്പാടി സ്വദേശി ഷാജി മാത്യു എന്നിവരെയാണ് പൊള്ളാച്ചിയില്‍നിന്ന് പിടികൂടിയത്. ഇവരില്‍ നിന്നും തിരുവാഭരണം കണ്ടെടുത്തെങ്കിലും ഉരുക്കിയ നിലയിലായിരുന്നെന്ന് പോലിസ് പറഞ്ഞു. എത്ര തൂക്കം ഉണ്ടെന്ന് അന്വേഷിച്ചുവരികയാണ്. ഇന്നലെ രാത്രിയോടെ ഇരുവരെയും പറവൂര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. തിങ്കളാഴ്ച്ച സംഭവ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പു നടത്തും. കോട്ടുവള്ളി തൃക്കപുരം ക്ഷേത്രത്തിലും സൗത്തില്‍ ശ്രീനാരാണ ക്ഷേത്രത്തിലുമാണു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു കവര്‍ച്ച നടന്നത്. തിരുവാഭരണം ഉള്‍പ്പെടെ 30 പവന്റെ ആഭരണങ്ങളും ഒരു ലക്ഷത്തിലേറെ രൂപയും നഷ്ടപ്പെട്ടിരുന്നു. മഹേഷും ഷാജിയും ഉള്‍പ്പെടെ കേസില്‍ അഞ്ചുപേരെ പോലിസ് പിടികൂടിയിട്ടുണ്ട്.ശാസ്താംകോട്ടയില്‍ നിന്നു പിടിയിലായ അരുണ്‍, അജ്മല്‍ ഷാ, സന്തോഷ് എന്നിവര്‍ പോലിസ് കസ്റ്റഡിയിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ അനില്‍കുമാറിന്റെയും എസ്‌ഐ കെ ജെ സാബുവിന്റെയും നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞ ദിവസം പിടിച്ച മൂന്നുപേരും ഇന്നലെ പിടിച്ച രണ്ടുപേരും പരസ്പരം ബന്ധപ്പെട്ടാണു മോഷണം നടത്തിയതെന്നാണു നിഗമനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഒത്തുചേര്‍ന്ന സംഘം ക്ഷേത്രങ്ങള്‍കേന്ദ്രീകരിച്ചു കൂടുതല്‍ മോഷണം നടത്തിയിട്ടുണ്ടോയെന്നു സംശയമുണ്ട്. മോഷണമുതല്‍ പൊള്ളാച്ചി കേന്ദ്രീകരിച്ചാണു വില്‍പന നടത്തിയിരുന്നത്. ഷാജിയും മഹേഷും പൊള്ളാച്ചിയില്‍ ഉണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നു പറവൂര്‍ പോലിസെത്തി പിടികൂടുകയായിരുന്നു.

RELATED STORIES

Share it
Top