കോട്ടീഞ്ഞോ ഇനി ബാഴ്‌സലോണയ്‌ക്കൊപ്പം; കൂടുമാറ്റം ലിവര്‍പൂളിന് തിരിച്ചടിയവുമോ ?ബാഴ്‌സലോണ: ലിവര്‍പൂളിന്റെ ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിലിപ്പ് കോട്ടീഞ്ഞോ ഇനി ബാഴ്‌സലോണയ്‌ക്കൊപ്പം പന്ത് തട്ടും. ഏറെ നാളുകളായി കോട്ടീഞ്ഞോയെ ടീമിലെത്തിക്കാന്‍  സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ രംഗത്തുണ്ടായിരുന്നു. മൂന്നുവട്ടം ബാഴ്‌സയുടെ കൈമാറ്റ ആവശ്യത്തെ നിരസിച്ച ലിവര്‍പൂള്‍ 145 മില്യണിനാണ് കോട്ടീഞ്ഞോയെ കൈമാറാന്‍ സമ്മതം മൂളിയത്. പ്രീമിയര്‍ ലീഗില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂളിന് ഇനിയുള്ള മല്‍സരങ്ങളില്‍ കോട്ടീഞ്ഞോയുടെ അഭാവം തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്. ഫിര്‍മിനോയ്ക്കും സലാഹിനുമൊപ്പം മികച്ച പ്രകടനമാണ് ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി കോട്ടീഞ്ഞോ പുറത്തെടുത്തത്. ഈ സീസണില്‍ 20 മല്‍സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് കോട്ടീഞ്ഞോയുടെ  സമ്പാദ്യം.  2013 ല്‍ 8.5 മില്യണ്‍ പൗണ്ടിനാണ് ലിവര്‍പൂള്‍ ഇന്റര്‍ മിലാനില്‍ നിന്ന് കോട്ടീഞ്ഞോയെ ടീമിലെത്തിച്ചത്. നെയ്മറിന്റെ ട്രാന്‍സ്ഫറിന് ശേഷം ലോക ഫുട്‌ബോളിലെ ഏറ്റവും വിലയേറിയ കൈമാറ്റമാണ് ഇത്.നെയ്മര്‍ ഈ സീസണിന്റെ തുടക്കത്തില്‍ ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയതിന് പിന്നാലെ തന്നെ കോട്ടീഞ്ഞോയെ ടീമിലെത്തിക്കാന്‍ ബാഴ്‌സ ശ്രമം നടത്തിയിരുന്നു. എന്തായാലും കോട്ടീഞ്ഞോ എത്തുന്നതോടെ ബാഴ്‌സലോണയുടെ കരുത്ത് ഇരട്ടിക്കും. നിലവിലെ സ്പാനിഷ് ലീഗിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ.

RELATED STORIES

Share it
Top