കോട്ടായിയില്‍ മിനി സ്റ്റേഡിയമൊരുങ്ങുന്നു

കോട്ടായി: ഗ്രാമീണ മേഖലകളിലെകായിക മുന്നേറ്റത്തിനു മിഴിവേകാന്‍ കോട്ടായി പഞ്ചായത്തില്‍ മിനി സ്റ്റേഡിയം സജ്ജമാകുന്നു. കോട്ടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനം നവീകരിച്ചാണ് മിനി സ്റ്റേഡിയം നിര്‍മിക്കുന്നത്. ഏഴരക്കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ ഫണ്ടനുവദിച്ചതോടെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു.
സിന്തറ്റിക് ട്രാക്ക്, വോളിബാള്‍, ബാഡ്മിന്റണ്‍, ഫുട്‌ബോള്‍ കോര്‍ട്ട്, ഗ്യാലറി, വിശ്രമമുറികളുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ എന്നിവയാണ് മിനി സ്റ്റേഡിയത്തില്‍ സജ്ജീകരിക്കുന്നത്. മന്ത്രി എ കെ ബാലന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണ് പദ്ധതിക്കുള്ള ഫണ്ട് ലഭ്യമാക്കിയിട്ടുള്ളത്. സ്‌കൂള്‍ കായിക മേളകള്‍ നടത്തുന്നതിനും ക്ലബുകള്‍ക്കും ഏറെ പ്രയോജനകരമാകും.
കോട്ടായി പെരിങ്ങോട്ടുകുറുശ്ശി മേഖലയിലെ ദേശീയ-സംസ്ഥാന കായിക മല്‍സരങ്ങളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് പരിശീലനം നടത്താനുള്ള വേദി കൂടിയാകും മിനി സ്റ്റേഡിയം. മേഖലയിലെ കായിക സ്വപ്‌നങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആറുമാസത്തികം നിര്‍മാണം പൂര്‍ത്തിയാക്കി മിനി സ്റ്റേഡിയം നാടിനു സമര്‍പിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍. ഇപ്പോള്‍ ട്രാക്കിന്റെ നിര്‍മാണമാണ് നടക്കുന്നതെങ്കിലും ഘട്ടം ഘട്ടമായി മറ്റുള്ളവയും പൂര്‍ത്തിയാക്കും. ഹൈസ്‌കൂളിലെ മിനി സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കായിക താരങ്ങള്‍ക്കും ഏറെ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ്.
ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികളിലും മറ്റും നിരവധി കലാ-കായികപരമായ കഴിവുകളുണ്ടെങ്കിലും അവ യഥാസമയം പരിശീലിപ്പിക്കാനുള്ള സൗകര്യങ്ങളില്ലാത്തതാണ് പലരുടെയും കായിക സ്വപ്‌നങ്ങള്‍ പുറം ലോകമറിയാതെ അസ്തമിച്ചുപോവുന്നതിനു കാരണമാവുന്നത്.

RELATED STORIES

Share it
Top