കോട്ടയത്തേത് പാര്‍ട്ടിയെ അപമാനിച്ചതിനുള്ള മറുപടി : ജോസ് കെ മാണികോട്ടയം: സിപിഎം കൂട്ടുകെട്ടിനെ ന്യായീകരിച്ചും കോണ്‍ഗ്രസ്സിനെതിരേ ആഞ്ഞടിച്ചും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ചെയര്‍മാനെയും നിരന്തരം അപമാനിച്ച കോണ്‍ഗ്രസ്സിനുള്ള മറുപടിയാണ് കോട്ടയത്തുണ്ടായതെന്ന് ജോസ് കെ മാണി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അത്രമാത്രം അപമാനിക്കപ്പെട്ടതോടെയാണ് ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന തീരുമാനം പ്രാദേശികഘടകങ്ങളെടുത്തതെന്നാണ് കരുതുന്നത്. യുഡിഎഫ് ഭരണത്തിന്റെ അഞ്ചുവര്‍ഷക്കാലവും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് കേരളാ കോണ്‍ഗ്രസ്സിന് മുറിവേറ്റിട്ടുണ്ട്. ആ മുറിവില്‍ മുളകുപുരട്ടുന്ന സമീപനം പിന്നെയുമുണ്ടായി. തുടര്‍ച്ചയായി അപമാനിക്കപ്പെടുമ്പോള്‍ കേരളാ കോണ്‍ഗ്രസ്സിന് മിണ്ടാതിരിക്കാനാവുമോയെന്ന് അദ്ദേഹം ചോദിച്ചു. പ്രാദേശികതീരുമാനമായിരുന്നു അത്. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ അട്ടിമറിച്ചത് കോണ്‍ഗ്രസ്സാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ പിന്തുണ തുടരാന്‍ ചരല്‍ക്കുന്നിലെ യോഗത്തില്‍ പാര്‍ട്ടി തീരുമാനിച്ചതാണ്. കേരളാ കോണ്‍ഗ്രസ്സിനെ കോട്ടയം ഡിസിസി അപമാനിച്ചു. അതുകൊണ്ടാണ് പ്രാദേശികഘടകം മറ്റൊരു തീരുമാനമെടുത്തത്. കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ക്ക് ചില ലക്ഷ്യങ്ങളുണ്ട്. പാര്‍ട്ടിയില്‍ യാതൊരു ഭിന്നതയുമില്ല. ഏതിരഭിപ്രായമുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. ഇത്തരത്തില്‍ പ്രാദേശികമായ തീരുമാനം കോണ്‍ഗ്രസ്സിലും സിപിഎമ്മിലും സിപിഐയിലുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top