കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

കോട്ടയം: കനത്ത മഴ നാലാംദിവസവും കോട്ടയം ജില്ലയില്‍ ദുരിതം വിതച്ചു. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ തന്നെയാണ്. പല മേഖലകളും ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും ഭീതിയിലുമാണ്. മഴക്കെടുതിയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്നും അവധി പ്രഖ്യാപിച്ചു.
20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് കോട്ടയം ജില്ലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ രണ്ടു യൂനിറ്റ് ജില്ലയിലെത്തി. 104 ക്യാംപുകളിലായി 2,300 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പാലാ, കോട്ടയം, കുമരകം, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, വൈക്കം, ചങ്ങനാശ്ശേരി, പുതുപ്പള്ളി മേഖലകള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാണ്.
റോഡ്ഗതാഗതം സ്തംഭിച്ചതോടെ പല മേഖലകളും ഒറ്റപ്പെട്ടു. മിക്ക റൂട്ടുകളിലും ബസ്സുകള്‍ സര്‍വീസ് നിര്‍ത്തി. കിഴക്കന്‍ മേഖലകളായ പൂഞ്ഞാര്‍, തീക്കോയി എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലാണ് പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കിയത്. കോട്ടയത്ത് മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടയം-ഏറ്റുമാനൂര്‍ റൂട്ടിലെ മൂന്ന് റെയില്‍വേ പാലങ്ങളിലാണ് അപകടനിലയേക്കാള്‍ മുകളില്‍ ജലനിരപ്പ് അടയാളപ്പെടുത്തിയത്.
ഇതേത്തുടര്‍ന്ന് ആദ്യം ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. പിന്നീട് മേല്‍പാലങ്ങള്‍ സുരക്ഷിതമാണെന്ന എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. ഇന്നും നദികളില്‍ ജലനിരപ്പ് അപകടകരമാംവിധം ഉയര്‍ന്നാല്‍ സുരക്ഷാ പരിശോധനകള്‍ക്കുശേഷമേ തീവണ്ടികള്‍ കടത്തിവിടൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top