കോട്ടയം മെഡിക്കല്‍ കോളജ് : കുട്ടികളുടെ ആശുപത്രിയില്‍ ഹൃദ്‌രോഗ വിഭാഗം ഡോക്ടര്‍മാരില്ലആര്‍പ്പൂക്കര: കോട്ടയം മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ ഹൃദ്‌രോഗ വിഭാഗം ഡോക്ടര്‍മാരില്ല. ഒരു വര്‍ഷമായി ഇവിടെയുണ്ടായിരുന്ന ഏക വനിതാ ഡോക്ടര്‍ സ്ഥലം മാറിപ്പോയി. ജന്മനാ ഹൃദയത്തില്‍ സുഷിരമുള്ള കുട്ടികള്‍ക്ക് ഈ ദ്വാരം അടയ്ക്കുന്ന ശസ്ത്രക്രിയ അടക്കം പലതരത്തിലുള്ള ഹൃദ്‌രോഗ ചികില്‍സ ഇവിടെ നിന്നു ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡോക്ടര്‍മാരില്ലാത്തതിന്റെ പേരില്‍ ഇവിടെയെത്തുന്ന രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള രോഗികളാണ് ഇവിടെ ചികില്‍സ തേടിയെത്തുന്നത്.പീഡിയാട്രീ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് പകരം നിയമനം നടത്താന്‍ താമസിക്കുന്നതെന്ന് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഇപ്പോഴുള്ള റാങ്ക് ലിസ്റ്റില്‍ തന്നെ യോഗ്യരായ നിരവധി ഡോക്ടര്‍മാരുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന ഭാരവാഹികള്‍ പറയുന്നു. കുട്ടികളുടെ ആശുപത്രിയില്‍ നിലവില്‍ ഒഴിവുള്ളതിനാല്‍ ഇവിടേക്ക് പുതിയ നിയമനം നടത്തുകയോ അല്ലെങ്കില്‍ താല്‍ക്കാലിക നിയമനം നടത്തിയെങ്കിലും ഡോക്ടര്‍മാരെ നിയമിക്കണമെന്നാണ് സംഘടന ഭാവഹാരികള്‍ ആവശ്യപ്പെടുന്നത്. സാധാരണക്കാരായ കുട്ടികള്‍ ചികില്‍സ തേടിയെത്തുന്ന ആശുപത്രിയെന്ന നിലയില്‍ എത്രയും വേഗം നിയമനം നടപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നും ഡോക്ടേഴ്‌സ് സംഘടന ഭാരവാഹികള്‍  ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top