കോട്ടയം മാറുന്നു, ഫുട്‌ബോളിലേക്ക്; പിന്നണിയില്‍ മലപ്പുറവും ഇത്തിഹാദ് അക്കാദമിയും

ടി പി ജലാല്‍

മലപ്പുറം: വര്‍ഷങ്ങള്‍ക്കുമുമ്പ് ഫുട്‌ബോളില്‍ ബഹുദൂരം പിറകിലായിരുന്ന കോട്ടയം ജില്ലയെ ഡസണ്‍ കണക്കിന് ഗോളുകള്‍ക്ക് നിലം പരിശാക്കുന്ന അവസ്ഥ അടിമുറി മാറുകയാണ്. അത്‌ലറ്റിക്‌സ്, ക്രിക്കറ്റ്, വോളിബോള്‍, വള്ളംകളി മല്‍സരങ്ങള്‍ക്ക് പേരുകേട്ട കോട്ടയം ലോകത്തിലേറ്റവും കൂടുതല്‍ ആരോധകരുള്ള ഫുട്‌ബോളിലേക്കാണ് ചുവടുറപ്പിക്കുന്നത്. ഇവര്‍ക്ക് പ്രചോദനമാവുന്നത് ഐഎസ്എല്ലും ഐലീഗുമാണെങ്കില്‍ പിന്തുണയ്ക്കുന്നതാവട്ടെ മലപ്പുറവും കോച്ച് ബിനോ ജോര്‍ജ്ജും അബൂദബി അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമിയും. ഇത്തിഹാദിന്റെ വിദേശ കോച്ച് അബ്ദുല്‍മനാഫിന്റെ ശിക്ഷണത്തില്‍ അഞ്ചു വയസ്സുമുതലുള്ള കുരുന്നുകള്‍ കേരള ഭാവി വാഗ്ദാനങ്ങളായി ഉയരുകയാണിവിടെ. 2011ലെ സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കോട്ടയം ഫൈനലിലെത്തിയതോടെയാണ് നാട്ടുകാരുടെ മനസ്സിലെ ഫുട്‌ബോള്‍ ആരാധന പുറത്തായത്. ഒരു തിമിത്തമായി മലപ്പുറം ജില്ലയാണ് കോട്ടയത്തിന് ഫുട്‌ബോളിന്റെ ബാല പാഠങ്ങള്‍ പഠിക്കാന്‍ അവസരമൊരുക്കിയത്. മാര്‍ബസേലിയസ് കോളജില്‍ മലപ്പുറത്തെ ഒരു പറ്റം വിദ്യാര്‍ഥികള്‍ ചേര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചതോട കോട്ടയത്തിന്റെ തലവര മാറി.     കോളജില്‍ പ്രമുഖ കോച്ചായ ബിനോ ജോര്‍ജിന്റെ സാന്നിധ്യമുണ്ടായതാണ് മലപ്പുറം താരങ്ങളെ കോട്ടയത്തേക്ക് ആകര്‍ഷിപ്പിച്ചത്. ടീമിലെ പകുതിയിലധികമുള്ള മലപ്പുറത്തുകാര്‍ക്കൊപ്പം പന്തു തട്ടിത്തുടങ്ങിയതോടെ കോട്ടയത്ത് ഫുട്‌ബോളില്‍ കാര്യമായ ചലനം സൃഷ്ടിച്ചു. തുടര്‍ന്നാണ് സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കോട്ടയം രണ്ട് തവണ ജേതാക്കളും മൂന്ന് തവണ റണ്ണേഴ്‌സാവുന്നതും. സംസ്ഥാന യൂത്ത് ഫുട്‌ബോളില്‍ നിലവിലെ റണ്ണേഴ്‌സാണ്.  ബിനോ ജോര്‍ജ് ഗോകുലം കേരള എഫ്‌സിയിലേക്ക് പോയതോടെ തുടങ്ങിവച്ച  വിദേശ കോച്ചിനെ പരീക്ഷിക്കാനായിരുന്നു പിന്നീട് ഡിഎഫ്എയുടെ തീരുമാനം. ചാവക്കാട് സ്വദേശി അറക്കല്‍ ഖമറുദ്ദീന്റെ നേതൃത്വത്തിലുള്ള അബൂദബി അല്‍ഇത്തിഹാദ് ഫുട്‌ബോള്‍ അക്കാദമിയുമായി ബന്ധപ്പെട്ടു. ഘാനയുടെ കോച്ച് അബ്ദുല്‍ മനാഫിനെ അനുവദിച്ചു. സഹായത്തിനായി കോട്ടയത്തെ ജോബി, ഷാഹുല്‍, എസ് അച്ചു തുടങ്ങിയവരെയും കൂടെ നിര്‍ത്തി അഞ്ചു മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് പരിശീലനം ആരംഭിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയുടെ എല്ലാമെല്ലാം ഇപ്പോള്‍ അബ്ദുല്‍ മനാഫാണ്. ജൂനിയര്‍ ടീം മുതല്‍ സീനിയര്‍ ടീം വരെ തിരഞ്ഞെടുക്കാന്‍ ഈ 27 കാരന്‍ ജില്ലയ്‌ക്കൊപ്പമുണ്ട്. നെഹ്‌റു സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്.  കോട്ടയത്തിന് എടുത്തു പറയാവുന്ന താരങ്ങളായി കെഎസ്ഇബിയുടെ അഖില്‍ സോമനും വൈശാഖ് സുകുമാരനും മാത്രമേ ഇപ്പോഴുള്ളു. എങ്കിലും ഇത്തിഹാദിന്റേയും മലപ്പുറത്തിന്റേയും പിന്തുണയില്‍ ഫുട്‌ബോളിലൂടെ മുന്നേറാന്‍ തന്നെയാണ് കോട്ടയത്തിന്റെ തീരുമാനം.

RELATED STORIES

Share it
Top