കോട്ടയം നഗരസഭയ്ക്ക് 211.57 കോടിയുടെ ബജറ്റ്

കോട്ടയം: വികസനത്തിന് ഊന്നല്‍ നല്‍കി കോട്ടയം നഗരസഭാ ബജറ്റ്. വര്‍ഷാരംഭത്തിലെ മുന്നിരിപ്പായ 50.02 കോടി രൂപ അടക്കം ആകെ 211.57 കോടി രൂപ വരവും 191.46 കോടി രൂപ ചെലവും 20.11 കോടി രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന 2018-19 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സന്തോഷ്‌കുമാര്‍ അവതരിപ്പിച്ചു. പിഎംഎവൈ പദ്ധതി, ലൈഫ് മിഷന്‍ പദ്ധതി എന്നിവയിലൂടെ നഗരസഭയിലെ വീടില്ലാത്ത മുഴുവനാളുകള്‍ക്കും വീട് നല്‍കുകയാണ് ലക്ഷ്യം.
പിഎംഎവൈ പദ്ധതിയില്‍ 638 പേര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ട്. ലൈഫ് മിഷനില്‍ 1761 ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കി അംഗീകാരം വാങ്ങിയിട്ടുണ്ട്. നഗരത്തിലെ പുറമ്പോക്ക് നിവാസികളായ ആളുകളെ ലൈഫ് പദ്ധതിയില്‍പ്പെടുത്തി പുനരധിവസിപ്പിക്കുന്നതോടുകൂടി കോട്ടയത്തെ ചേരിരഹിത നഗരമാക്കി മാറ്റാനും തുക വകയിരുത്തിയിട്ടുണ്ട്.
പുത്തനങ്ങാടിയില്‍ പുതിയ വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ സ്ഥലം വാങ്ങാന്‍ ഒരു കോടി രൂപ വകയിരുത്തി. മറിയപ്പിള്ളിയിലെ നിലവിലെ വാട്ടര്‍ ടാങ്കിലേക്ക് കൂടുതല്‍ വെള്ളമെത്തിക്കുന്നതിനായി കലക്ടറേറ്റ് മുതല്‍ മറിയപ്പള്ളി ടാങ്ക് വരെ പുതിയ വലിയ പൈപ്പ് ലൈന്‍ സ്ഥാപിക്കും. തിരുനക്കര, നാഗമ്പടം ബസ് സ്റ്റാന്റുകളില്‍ പൊതുജനങ്ങള്‍ക്ക് ശുദ്ധ ജലം ലഭിക്കുന്നതിനായി വാട്ടര്‍ കിയോസ്‌ക് കൗണ്ടറുകള്‍ സ്ഥാപിക്കും.
സിറ്റി സാനിട്ടേഷന്‍ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഓടകള്‍ നവീകരിക്കും. നഗര മാലിന്യ സംസ്‌കരണത്തിനായി എയറോബിക് പ്ലാന്റുകള്‍ വികേന്ദ്രീകരിച്ച് നഗരത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും സ്ഥാപിക്കും. ഇതിനായി ഒരു കോടി രൂപ മാറ്റിവച്ചു. നഗരത്തിലെ ഭക്ഷണ ശാലകള്‍, വിദ്യാലയങ്ങല്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ ശുചിത്വ നിലവാരം പരിശോധിച്ച് ഗ്രേഡിങ് നല്‍കും.
വടവാതൂര്‍ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പഴകിയ മാലിന്യങ്ങള്‍ പൂര്‍ണമായും മാറ്റി അവിടെ കുടുംബശ്രീ വഴി ജൈവ കൃഷി നടപ്പാക്കും. വിശപ്പു രഹിത കോട്ടയം പദ്ധതിയിലൂടെ എല്ലാ ദിവസവും ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്ന പദ്ധതി നടപ്പാക്കും. ഇതിനായി സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കും.
തിരുനക്കര-നാഗമ്പടം ബസ് സ്റ്റേഷനുകള്‍ നവീകരിക്കാന്‍ 50 ലക്ഷം വകയിരുത്തി. ഇല്ലിക്കല്‍ സ്റ്റേഡിത്തിന്റെ വികസനത്തിന് 50 ലക്ഷം രൂപയും കുമാരനല്ലൂര്‍ മിനി സ്റ്റേഡിയത്തിന് 50 ലക്ഷവും മാറ്റിവച്ചു. നെഹ്‌റു സ്റ്റേഡിയം ദേശീയ നിലവാരത്തോടെ പുനര്‍നിര്‍മിക്കും. എംസി റോഡില്‍ സ്റ്റാര്‍ ജങ്ഷനു സമീപവും പാക്കില്‍ ജങ്ഷനിലും മിനി ഷോപ്പിങ് കോംപ്ലക്‌സുകള്‍ നിര്‍മിക്കാന്‍ 75 ലക്ഷം രൂപ മാറ്റിവച്ചു. തിരുവാതുക്കല്‍ എപിജെ അബ്ദുല്‍ കലാം മെമ്മോറിയല്‍ ഷോപ്പിങ് കോംപ്ലക്‌സിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 25 ലക്ഷം രൂപ മാറ്റിവച്ചു. കോടിമത പച്ചക്കറി മാര്‍ക്കറ്റില്‍ പുതുതായി മൊത്തക്കച്ചവടക്കാര്‍ക്കായി പുതിയ കെട്ടിടം നിര്‍മിക്കും. പഴയ പച്ചക്കറി മാര്‍ക്കറ്റിലെ അപകടാവസ്ഥയിലായ കെട്ടിടത്തിലെ വ്യാപാരികളെ ഇതിലൂടെ നഗരസഭാ പ്രദേശത്തെ സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിനായി 20 ലക്ഷം വിനിയോഗിക്കും. എല്ലാ വാര്‍ഡുകളിലും അങ്കണവാടികള്‍ക്കു സ്വന്തമായി കെട്ടിടം നിര്‍മിക്കും.
വീട്ടമ്മമാര്‍ക്കു വരുമാന വര്‍ധനവിനായി ഓര്‍ക്കിഡ് കൃഷി വ്യാപമകമാക്കും. വീട്ടമ്മമാര്‍ക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി മുട്ടക്കോഴിയും കൂടും പദ്ധതി സബ്‌സിഡി നിരക്കില്‍ നടപ്പാക്കും.
എബിസി പദ്ധതി പ്രകാരം തെരുവ് നായകളെ നിയന്ത്രിക്കും. ജില്ലാ ആശുപത്രിയില്‍ മാമോഗ്രാം മെഷിന്‍ സ്ഥാപിക്കും. കുടുംബശ്രീ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ പദ്ധതികള്‍. സ്വയംതൊഴില്‍ ഗ്രൂപ്പ് സംരംഭങ്ങള്‍ നടപ്പാക്കും. പുനരധിവസിപ്പിക്കും. താഴത്തങ്ങാടി വള്ളം കളിയുടെ ഫിനിഷിംഗ് പോയിന്റായ കളപ്പുര സ്‌റ്റേഡിയം വികസിപ്പിക്കും. താഴത്തങ്ങാടി വള്ളം കളിക്ക് പ്രോല്‍സാഹനം നല്‍കാന്‍ ഒരു ലക്ഷം അനുവദിച്ചു.

RELATED STORIES

Share it
Top