കോട്ടയം നഗരസഭയില്‍ പദ്ധതി രൂപീകരണം ഏകപക്ഷീയമെന്ന് ; പ്രതിപക്ഷം യോഗം ബഹിഷ്കരിച്ചു
fousiya sidheek2017-05-30T11:17:54+05:30
കോട്ടയം: ഭരണപക്ഷം ഏകപക്ഷീയമായി പദ്ധതി രൂപീകരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ ജില്ലാ പഞ്ചായത്ത് യോഗം ബഹിഷ്കരിച്ചു. വികസനരേഖ തയ്യാറാക്കി വികസന സെമിനാറില്‍ അവതരിപ്പിക്കാതെയും സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗങ്ങള്‍ ചേരാതെയും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുമാണ് അന്തിമ പദ്ധതിരേഖ അംഗീകരിക്കുന്നതിനായി പഞ്ചായത്ത് കമ്മിറ്റി ചേരുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം യോഗത്തില്‍ ബഹളത്തിനിടയാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് (എം) ഭരണസാരഥ്യം ഏറ്റെടുത്തത് മുതല്‍ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവവും. മാനദണ്ഡങ്ങള്‍ പോലും പാലിക്കാത്ത പദ്ധതികള്‍ക്കാണ് ഫണ്ട് വകയിരിത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. മാലിന്യനിര്‍മാര്‍ജനം പോലെയുള്ള നിര്‍ബന്ധിത പദ്ധതികള്‍ക്ക് വകയിരുത്തേണ്ട തുകയ്ക്ക് തോടുകള്‍ കുഴിക്കുന്നതിനും മറ്റുമാണ് പദ്ധതികള്‍ ഏറ്റെടുത്തിരിക്കുന്നത്. കമ്മിറ്റിയുടെ അജണ്ടാ നോട്ടീസില്‍ ചേര്‍ക്കാതെ അന്തിമ പദ്ധതി അംഗീകാരം അജണ്ടാ കുറിപ്പില്‍ ഉള്‍പ്പെടുത്തി പിന്‍വാതിലിലൂടെ വാര്‍ഷിക പദ്ധതിയ്ക്ക് അംഗീകാരം നേടാന്‍ നടത്തിയ ശ്രമം ജനാധിപത്യ വിരുദ്ധവും വികേന്ദ്രീകൃത ആസൂത്രണത്തെ കളങ്കപ്പെടുത്തുന്നതുമാണ്. അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ അടങ്ങിയ വികസനരേഖ തയ്യാറാക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പോലും പാലിക്കാതെയാണ് പദ്ധതികള്‍ എടുക്കുന്നതെന്നും പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അംഗങ്ങളായ ജോഷി ഫിലിപ്പ്, സണ്ണി പാമ്പാടി, ശശികല നായര്‍, ജസ്സിമോള്‍ മനോജ്, ലിസ്സിയമ്മ ബേബി, ശോഭാസലിമോന്, മാഗി ജോസഫ് എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാവേണ്ട ജില്ലാ പഞ്ചായത്ത് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി പദ്ധതി രൂപീകരണം നടത്തുന്നതിനെ നിയമപരമായി നേരിടാനാണു പ്രതിപക്ഷ അംഗങ്ങളുടെ നീക്കം.