കോട്ടയം നഗരത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നുകോട്ടയം: നഗരത്തിലും പരിസരങ്ങളിലും വൈദ്യുതി മുടക്കം പതിവാകുന്നു. വൈദ്യുതിയുള്ള സമയത്തേക്കാള്‍ കൂടുതല്‍ വൈദ്യുതിയില്ലാത്ത സമയമാണെന്നാണു ജനങ്ങളുടെ പരാതി. വൈദ്യുതി മുടക്കത്തിന്റെ ദുരിതം അനുഭവിക്കുന്ന പ്രധാന വിഭാഗം വ്യാപാരികളാണ്. ഇതില്‍ തന്നെ കോള്‍ഡ് സ്റ്റോറുകള്‍ക്കാണ് ഏറെ പ്രതിസന്ധിയുണ്ടാക്കുന്നത്. മിനിറ്റുകള്‍ ഇടവിട്ട് വൈദ്യുതി മുടങ്ങുന്നതോടെ ഫ്രീസറിലും മറ്റും സൂക്ഷിച്ച മല്‍സ്യ-മാംസമുള്‍പ്പെടെയുള്ള സാധനങ്ങള്‍ നശിച്ചുപോവുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ദിനംപ്രതിയുണ്ടാവുന്നത്. ഹോട്ടലുകള്‍, ബേക്കറികള്‍ കൂള്‍ബാറുകള്‍ തുടങ്ങിയവയ്ക്കും ഇതുവഴി നഷ്ടം വരുന്നുണ്ട്. നഗരത്തിന്റെ ഹൃദയഭാഗങ്ങളായ കെഎസ്ആര്‍ടിസി, പുളിമൂട് ജങ്ഷന്‍, തിരുനക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഒരുദിവസം ആറില്‍ക്കൂടുതല്‍ തവണയാണ് വൈദ്യുതി തടസ്സപ്പെടുന്നത്. കനത്ത ചൂടില്‍ വെന്തുരുകുന്ന ജനത്തിന് അടിക്കടിയുണ്ടാവുന്ന വൈദ്യുതി മുടക്കം ഇരട്ടിദുരിതമാണ് വരുത്തിവച്ചിരിക്കുന്നത്. നഗരത്തിലെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍, ഓഫിസുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലെല്ലാം വൈദ്യുതി മുടക്കം രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പകല്‍സമയങ്ങളില്‍ വൈദ്യുതിയില്ലാത്തതിനാല്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളും നിശ്ചലമായ അവസ്ഥയാണ്്. രാത്രികാലങ്ങളിലും പലപ്പോഴും മണിക്കൂറുകളോളം വൈദ്യുതിയുണ്ടാവില്ല. മുന്നറിയിപ്പില്ലാതെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടാറുള്ളത്. കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെട്ടാല്‍ അറ്റകുറ്റപ്പണി നടക്കുകയാണെന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. ഓഫിസില്‍ ഫോണ്‍ വിളിച്ചാല്‍പോലും ആരുമെടുക്കാത്ത സ്ഥിതിയുമുണ്ട്. കെഎസ്്ഇബി ജീവനക്കാരുടെ നിരുത്തരവാദപരമായ സമീപനങ്ങളാണ് നഗര ഹൃദയങ്ങളില്‍പ്പോലും ഇത്തരമൊരു ദുരവസ്ഥയുണ്ടാക്കിയിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കെഎസ്ഇബിയുടെ അനാസ്ഥയ്‌ക്കെതിരേ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാരും വ്യാപാരികളും.

RELATED STORIES

Share it
Top