കോട്ടയം ജില്ലാസമ്മേളനത്തില്‍ വിഎസിന് വിമര്‍ശനം

കോട്ടയം: സിപിഎം കോട്ടയം ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാംദിനം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദനെതിരേ രൂക്ഷവിമര്‍ശനം. ഗ്രൂപ്പ്് ചര്‍ച്ചയിലായിരുന്നു പ്രതിനിധികള്‍ വി എസിനെതിരേ വിമര്‍ശനമുന്നയിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പ്രചാരണത്തിനെത്തിയ വി എസ് അച്യുതാനന്ദന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് അസഹിഷ്ണുതയോടെ പെരുമാറി. സ്ഥാനാര്‍ഥിക്ക് മുഖംകൊടുക്കാന്‍പോലും വിഎസ് തയ്യാറായില്ല. ഇത് പ്രവര്‍ത്തകരുടെ ഊര്‍ജം കെടുത്തി. മുതിര്‍ന്ന നേതാവ് വി എസിന്റെ പെരുമാറ്റം എതിരാളികള്‍ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. കേരളാ കോണ്‍ഗ്രസ്സി(എം)നെ എ ല്‍ഡിഎഫിന്റെ ഭാഗമാക്കണമെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ ആവശ്യമുന്നയിച്ചു. കോട്ടയത്ത് പാര്‍ട്ടിക്ക് കുടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാന്‍ മാണിയുമായുള്ള ബന്ധം അനിവാര്യമാണ്. നിലവിലെ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തണമെന്നും പ്രവര്‍ത്തന റിപോര്‍ട്ടിന്റെ ചര്‍ച്ചയില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ദുര്‍ബലപ്പെടുത്തണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം മാണിയുടെ കാര്യത്തില്‍ സ്വീകരിക്കണം. ദീര്‍ഘകാല അടിസ്ഥാനത്തില്‍ മാണിയുമായുള്ള കൂട്ടുകെട്ട് കോട്ടയത്തടക്കം മധ്യകേരളത്തിലെ അഞ്ച് ജില്ലകളില്‍ നേട്ടം സമ്മാനിക്കും. സിപിഐയെക്കാള്‍ മധ്യകേരളത്തില്‍ മാണിബന്ധം കൂടുതല്‍ ഗുണംചെയ്യുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.

RELATED STORIES

Share it
Top