കോട്ടയം ചിറക്കടവില്‍ സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം

പൊന്‍കുന്നം (കോട്ടയം): കോട്ടയം ചിറക്കടവില്‍ വീണ്ടും സിപിഎം- ആര്‍എസ്എസ് സംഘര്‍ഷം. ഇരുവിഭാഗങ്ങളുടെ നിരവധി വീടുകളും വാഹനങ്ങളും തകര്‍ത്തു. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഘര്‍ഷത്തിന് തുടക്കം.
കാറില്‍ യാത്രചെയ്യുകയായിരുന്ന തെക്കേത്തു കവലയിലെ ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരായ വിഷ്ണുനികേതനില്‍ വിഷ്ണു രാജ് (23), കൊട്ടാടിക്കുന്നേല്‍ സാജന്‍ (33), പള്ളത്ത് രഞ്ജിത്ത് (30) എന്നിവരെ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിനു സമീപത്തുള്ള ആല്‍ത്തറയ്ക്ക് അടുത്തുവച്ച് വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. തുടര്‍ന്ന് രാത്രിയില്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞ് അക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുവിഭാഗത്തിലുംപെട്ടവരുടെ അഞ്ചുവീടുകള്‍ക്കു നേരെയും ബസ്, ലോറി, കാര്‍, ഓട്ടോ, ബൈക്ക് എന്നിവയ്ക്കു നേരെയും ആക്രമണമുണ്ടായി.
സംഭവങ്ങള്‍ക്കു പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണന്ന് സിപിഎമ്മും, സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്നു ബിജെപിയും ആരോപിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചിറക്കടവ് ക്ഷേത്രത്തില്‍ നടന്ന ഉല്‍സവത്തോടനുബന്ധിച്ച് സിപിഎം- ബിജെപി സംഘര്‍ഷം നടന്നിരുന്നു. അന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. അതിന് ശേഷം നാട് സമാധാനാന്തരീക്ഷത്തിലേക്ക് നീങ്ങുന്നതിനിടയിലാണ് വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തില്‍  പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

RELATED STORIES

Share it
Top