കോട്ടയം- ചങ്ങനാശ്ശേരി ജലപാത വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

ചങ്ങനാശ്ശേരി: കോട്ടയം ചങ്ങനാശ്ശേരി ജലപാത വികസനം ഊര്‍ജിതമാക്കുമെന്ന അധികാരികളുടെ പ്രഖ്യാപനങ്ങള്‍ വന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല.  സംസ്ഥാന ടൂറിസം വികസനത്തിനു ഏറെ പ്രയോജനപ്പെടുമെന്നു കരുതുന്ന ഈ ജലപാതയുടെ വികസനം അടിയന്തിരമായി നടപ്പാക്കണമെന്ന ആവശ്യവും ശക്തമായി. ഇതു നടപ്പാക്കാനാവുന്നതോടെ ഏറെ ടൂറിസ്റ്റുകള്‍ വന്നുപോകുന്ന കുമരകത്തിന്റെ ഗേറ്റ് വേ ആയി ചങ്ങനാശ്ശേരിയെ മാറ്റാനാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  നില—വിലുള്ള ജലപാതയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നതോടോപ്പം ചില ഭാഗങ്ങളിലുള്ള വളവുകള്‍ നേരെയാക്കിയും ഹൗസ് ബോട്ടുകള്‍ക്കും യാത്രബോട്ടുകള്‍ക്കും സൗകര്യപ്രദമായ നിലയില്‍ കടന്നുവരാന്‍ സൗകര്യമൊരുക്കുകയും ചെയ്താല്‍ ഈ ജലപാത കുട്ടനാടന്‍ മേഖലയിലെ ടൂറിസം വികസനത്തിനു  ഏറെ പ്രയോജനപ്പെടും.  ഒപ്പം ചങ്ങനാശ്ശേരിയില്‍ നിന്നും കുമരകത്തേക്കും വേമ്പനാട്ടുകായലിലേക്കും വേഗത്തില്‍ യാത്രചെയ്യാനുമാവും.  പാതയുടെ ആഴം വര്‍ദ്ധിപ്പിക്കുമ്പോള്‍ ലഭ്യമാകുന്ന മണ്ണും ചെളിയും ഉപയോഗിച്ചു ജലപാതക്കു സമാന്തരമായി റോഡു നിര്‍മിക്കാനും അതു  എംസി റോഡിനു സമാന്തരപാതയായി രൂപപ്പെടുത്താനുമാകും. ഇതു എംസി റോഡിലെ തിരക്കു കുറക്കാനും ചെറിയ വാഹനനങ്ങള്‍ക്കു ഈ റോഡിനെ ആശ്രിക്കാനും കഴിയും.  25 കി.മീറ്റര്‍ ദൈര്‍ഘ്യംവരുന്ന പാതയിലൂടെ ടൂറിസ്റ്റുകള്‍ക്കു കുട്ടനാടന്‍ പ്രകൃതിഭംഗി ആസ്വ—ദിക്കാനും  കുറഞ്ഞ ചെലവില്‍ ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളില്‍ താമസിക്കാനുള്ള സൗകര്യങ്ങളും അതുവഴി ലഭ്യമാകും. ജലപാത യാഥാര്‍ത്ഥ്യമായാല്‍ പത്തനംതിട്ട, ഇടുക്കി ജില്ലയില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്കും യാത്രക്കാര്‍ക്കും ഇതു ഏറെ പ്രയോജനപ്പെടുത്താനും കഴിയും. ശബരിമല തീര്‍ത്ഥാടന—കാലത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന തീര്‍ത്ഥാടകര്‍ക്ക് എന്‍എസ്എസ് ആസ്ഥാനം, കേരളത്തിലെ ആദ്യത്തെ എസ്എന്‍ഡിപി ശാഖയായ ആനന്ദാശ്രമം, വേലുത്തമ്പിദളവ സ്ഥാപിച്ച അഞ്ചുവിളക്കും മറ്റും സന്ദര്‍ശിക്കാനും ടൂറിസ്റ്റുകള്‍ക്കും ഇതിനുള്ള അവസരവും ലഭിക്കും. കൂടാതെ കേരളത്തിലെ ആദ്യത്തെ പട്ടികജാതി കോളനിയായ സചിവോത്തമപുരം കോളനി, മഹാകവി ഉള്ളൂര്‍, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, എട്ടുവീട്ടില്‍പിള്ളമാരെ കുടിയിരുത്തിയിരിക്കുന്നതെന്നു വിശ്വസിക്കപ്പെടുന്ന  വേട്ടടി ക്ഷേത്രം, തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശിക്കാനും അതുവഴി ചങ്ങനാശ്ശേരിയുടെ ടൂറിസം വികസനത്തിനും കോട്ടയം ചങ്ങനാശ്ശേരി ജലപാത വികസനംകൊണ്ടു സാധ്യമാകും. ചങ്ങനാശ്ശേ—രി ച—ന്ദനക്കുടം,  കാവില്‍ ക്ഷേത്ര ഉല്‍സവം, ക്രിസ്തുമസ് എന്നിവ ഒന്നായി ചങ്ങനാശ്ശേരി നിവാസികളും ആഘോഷിക്കുന്ന ഡിസംബര്‍ 25നു കൂടുതല്‍ ടൂറിസ്റ്റുകള്‍ക്കു ചങ്ങനാശ്ശരിയില്‍ എത്തിച്ചേരാനും ഇതു സഹായകമാകും. കൂടാതെ ഈ ജലപാത വികസിക്കുന്നതോടെ നാട്ടകം തുറമുഖത്തിന്റെ മുഖച്ഛായക്കും മാറ്റമുണ്ടാകും.  അതോടൊപ്പം ആലപ്പുഴ ചങ്ങനാശ്ശേരി പാതയിലൂടെ കൂടുതല്‍ ടൂറിസ്റ്റുകള്‍ക്കു ചങ്ങനാശ്ശേരി കോട്ടയം കുമളി തുടങ്ങിയ ഭാഗങ്ങളിലേക്കു പോകാനും വഴിയൊരുങ്ങും.

RELATED STORIES

Share it
Top