കോട്ടത്തറയില്‍ നാളെ ഹര്‍ത്താല്‍

കമ്പളക്കാട്: കുറുമ്പാലക്കോട്ട മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്‍കാനുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ മാഫിയാ കൂട്ടുകെട്ട് പുറത്തുവന്ന സാഹചര്യത്തില്‍ വിവാദം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ കോട്ടത്തറ പഞ്ചായത്തില്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ നടത്തുമെന്നു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രദേശത്തെ പുറംപോക്ക് ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയടക്കിയിരിക്കുകയാണ്. ആദിവാസികള്‍ അടക്കമുള്ള നിരവധി ഭൂരഹിതര്‍ ഉള്ള കോട്ടത്തറ പഞ്ചായത്തില്‍ ഇത്തരം പുറംപോക്ക് ഭൂമി അളന്നുതിട്ടപ്പെടുത്തി അര്‍ഹരായവര്‍ക്ക് നല്‍കണം. ജില്ലയിലെ തന്നെ ടൂറിസം സാധ്യതയുള്ള നിരവധി ഐതീഹ്യങ്ങളും ചരിത്രങ്ങളും നിറഞ്ഞുനില്‍ക്കുന്ന കുറുമ്പാലക്കോട്ടയില്‍ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികള്‍ എത്താറുണ്ട്.
ഇവിടുത്തെ ടൂറിസം സാധ്യത മുന്‍കൂട്ടി കണ്ട് ഇടതുപക്ഷ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും ഭൂമാഫിയയുമായി ചേര്‍ന്നു വന്‍ അഴിമതിയാണ് നടത്തുന്നത്.
ഇക്കാര്യത്തില്‍ കോട്ടത്തറ പഞ്ചായത്ത് ഭരണസമിതിക്കും പങ്കുള്ളതായി സംശയിക്കുന്നുവെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് പഞ്ചായത്ത് ചെയര്‍മാന്‍ അബ്ദുല്ല വൈപ്പടി, കണ്‍വീനര്‍ സി സി തങ്കച്ചന്‍, പി അസ്സു, സി കെ ഇബ്രാഹീം, ഗഫൂര്‍ വെണ്ണിയോട് സംബന്ധിച്ചു.

RELATED STORIES

Share it
Top