കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം: 14ന് തറക്കല്ലിടും

കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്ന് 14ന് രാവിലെ പത്തിന്്  പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തറക്കല്ലിടുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. റവന്യൂ മന്ത്രി
ഇ ചന്ദ്രശേഖരന്‍ അധ്യക്ഷ വഹിക്കും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു. കോട്ടച്ചേരി ട്രാഫിക്ക് ജങ്ഷന് നൂറോളം മീറ്ററോളം വടക്ക് നിന്ന് തുടങ്ങി റെയില്‍വേപാലം കടന്ന് ആവിക്കര റോഡില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ഏതാണ്ട് 18 കോടി രൂപയോളം ചെലവില്‍ പാലവും അപ്രോച്ച് റോഡുകളും നിര്‍മിക്കുന്നത്.
സ്ഥലം ഏറ്റെടുപ്പിന് മാത്രം 21 കോടി രൂപയാണ് ചെലവഴിച്ചത്. പടന്നക്കാടിനും ചിത്താരിക്കും ഇടയില്‍ തീരദേശ നിവാസികളുടെ ദുരിതം മേല്‍പാലം വരുന്നതോടെ ഇല്ലാതാവും.
കാഞ്ഞങ്ങാട്ടക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് കോട്ടച്ചേരിയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കണമെന്നത്. ഇതിനായി നിരവധി സംഘടനകള്‍ സമര പരിപാടികള്‍ നടത്തുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ റെയില്‍വേ മേല്‍പാലത്തിന് കേന്ദ്ര ബജറ്റില്‍ തുക വകയിരുത്തിയിരുന്നു.
എന്നാല്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ പ്രദേശവാസികള്‍ കോടതിയെ സമീപിച്ചതോടെ മേല്‍പാലം നിര്‍മാണം മന്ദഗതിയിലാകുകയായിരുന്നു.
തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഏറ്റെടുക്കുന്ന സ്ഥലത്തിനും പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങള്‍ക്കും പൊന്നും വില നല്‍കാമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറായതോടെയാണ് സ്ഥലം വിട്ടു കൊടുക്കാന്‍ ഉടമകള്‍ തയ്യാറായത്. ഇതോടെയാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുകയും പാലം നിര്‍മാണത്തിന് എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ മാസം 11ന് തറക്കല്ലിടല്‍ തീരുമാനിച്ചിരുന്നുവെങ്കിലും സിപിഎം-സിപിഐ രാഷ്ട്രീയ തര്‍ക്കം കാരണം വീണ്ടും നീളുകയായിരുന്നു.

RELATED STORIES

Share it
Top