കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റില്‍ വീണ്ടും മാലിന്യപ്രശ്‌നം

കാഞ്ഞങ്ങാട്: ഒരു പതിറ്റാണ്ട് മുമ്പ് മനുഷ്യാവകാശ കമ്മീഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇടപെട്ടിട്ടും കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ല. പുതിയ മല്‍സ്യമാര്‍ക്കറ്റ് സ്ഥാപിച്ച വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മാലിന്യങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും പരിസരവാസികള്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്.
അശാസ്ത്രീയമായി നിര്‍മിച്ച മല്‍സ്യമാര്‍ക്കറ്റില്‍ നിന്നും മാലിന്യങ്ങള്‍ സംഭരിക്കാനോ മലിനജലം ഒഴുക്കിവിടാനോ സംവിധാനം ഏര്‍പ്പെടുത്താത്തതാണ് ഇവിടെ മാലിന്യ പ്രശ്‌നങ്ങള്‍ വഷളാകാന്‍ ഇടയാക്കിയത്. മല്‍സ്യമാര്‍ക്കറ്റിനോടനുബന്ധിച്ച് നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തന രഹിതമാണ്. മല്‍സ്യത്തൊഴിലാളികള്‍ക്ക് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ടതില്‍ പ്രതിഷേധിച്ച് ഓരോ വര്‍ഷവും ഇവിടെ സമരം നടത്തിവരാറുണ്ട്.
പുതിയ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തി പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് പുറത്ത് പോകാന്‍ വഴികളില്ലാതെ മലിന ജലം കെട്ടി നില്‍ക്കുന്നത്. ഡിറ്റര്‍ജന്റ് പൗഡറും മറ്റുമിട്ട് ദുര്‍ഗന്ധം കുറയ്ക്കുന്നുണ്ടെങ്കിലും കെട്ടി നില്‍ക്കുന്ന മലിന ജലം മല്‍സ്യത്തൊഴിലാളികള്‍ക്കും അവിടെയെത്തുന്ന മല്‍സ്യം വാങ്ങാനെത്തുന്നവര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണുണ്ടാക്കുന്നത്.
നേരത്തെ മല്‍സ്യമാര്‍ക്കറ്റില്‍ കെട്ടി നിന്നിരുന്ന മലിന ജലം പുറത്തേക്കൊഴുക്കാന്‍ നഗരസഭ മുന്‍ കൈയെടുത്തിരുന്നു വെങ്കിലും ഇപ്പോള്‍ പുതിയ മാലിന്യ പ്ലാന്റിന്റെ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതില്‍ മാത്രമാണ് നഗരസഭയ്ക്ക് താല്‍പര്യമുള്ളു.
കറുത്ത കൊതുകുകള്‍ മുട്ടയിട്ട് കണ്ടാല്‍ ഞെട്ടുന്ന രൂപത്തിലുള്ള മലിന ജലമാണ് മല്‍സ്യമാര്‍ക്കറ്റില്‍ കെട്ടി നില്‍ക്കുന്നത്. പെട്ടന്ന് മല്‍സ്യമാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്ക് കാണാന്‍ കഴിയാത്ത രൂപത്തിലാണ് മാര്‍ക്കറ്റിന്റെ ഏറ്റവും പിന്നിലായിട്ടാണ് മലിന ജലമുള്ളത്. കെട്ടി നില്‍ക്കുന്ന മലിന ജലം ഏറ്റവും വേഗത്തില്‍ ഇവിടെ നിന്ന് മാറ്റണമെന്നാണ് മാര്‍ക്കറ്റില്‍ ജോലുയെടുക്കുന്നവര്‍ പറയുന്നത്.

RELATED STORIES

Share it
Top