കോട്ടക്കുന്നിലെ വിനോദസഞ്ചാരത്തെ ബാധിക്കുമെന്ന് ആശങ്ക

മലപ്പുറം: കോട്ടക്കുന്നില്‍ പൂട്ടിക്കിടക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക് പൊളിച്ച് തിരഞ്ഞെടുപ്പ് സാമഗ്രികളുടെ ഗോഡൗണ്‍ നിര്‍മ്മിക്കാനുള്ള നീക്കം വിനോദ സഞ്ചാരത്തെ ബാധിച്ചേക്കും.  വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന മലപ്പുറം നഗരസഭയുടെ അധീനതയിലുള്ള റൈഡുകള്‍ നീക്കം ചെയ്ത് കെട്ടിടം പണിയാനാണു നീക്കം. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കര്‍ ഭൂമി പാട്ടത്തിനെടുത്താണു നഗരസഭ അമ്യൂസ്‌മെന്റ് പാര്‍ക്ക് ഒരുക്കിയത്. റവന്യൂ വകുപ്പ് നേരത്തെ ടൂറിസം വകുപ്പിന് കൈമാറിയ ഭൂമിയാണിത്.
ഇതില്‍ ഒരേക്കര്‍സ്ഥലത്താണു ഗോഡൗണ്‍ പണിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യേശിക്കുന്നത്. റൈഡുകള്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസ് അധികൃതര്‍ നഗരസഭക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
പാര്‍ക്ക് നടത്തിക്കൊണ്ടു പോകാന്‍ നഗരസഭക്ക് താല്‍പര്യമില്ലാത്തതാണ് വിനോദ സഞ്ചാരത്തെ പ്രതികൂ—ലമായി ബാധിക്കുന്നത്. തുടക്ക കാലത്ത് കോട്ടക്കുന്നില്‍ സഞ്ചാരികളുടെ എണ്ണം കുറവായിരുന്നു. ഈ സമയത്ത് സ്ഥാപിച്ച പാര്‍ക്കില്‍ എത്തുന്നവരുടെ എണ്ണം പരിമിതമായത് നഷ്ടത്തിനിടയാക്കുകയും ചെയ്തു.  പിന്നീട് നടത്തിപ്പിന് നല്‍കിയെങ്കിലും വേണ്ടത്ര വിജയിച്ചില്ല. തുടര്‍ന്നാണ് പൂട്ടിയിട്ടത്. എന്നാല്‍ ഇപ്പോള്‍ കോട്ടക്കുന്നിലെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്ണ്യമായ വര്‍ദ്ധനവുണ്ട്. പാര്‍ക്കിന് മുകളില്‍ നിരവധി റൈഡുകളും വിജയകരമായി നടക്കുന്നു. പാര്‍ക്ക് അടച്ചുപൂട്ടി ഗോഡൗണ്‍ നിര്‍മിക്കുന്നതോടെ കോട്ടക്കുന്നിന്റെ സൗന്ദര്യത്തെ അത് ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.  നേരത്തെയും റൈഡുകള്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് നോട്ടീസ് ലഭിച്ചിരുന്നു. റൈഡുകള്‍ ലേലം ചെയ്ത് പൊളിച്ചു നീക്കാനാണ് നഗരസഭ ഒരുങ്ങുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രം, ബാലറ്റ് പെട്ടികള്‍, വി വി പാറ്റ് മെഷീനുകള്‍, ബാറ്ററികള്‍ എന്നിവ സു—രക്ഷിതമായി സൂക്ഷിക്കാനാണ് ഗോഡൗണ്‍ ഒരുക്കുന്നത്. ഉത്തര കേരളത്തിലെ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിക്കാനാണ് കെട്ടിടം പണിയുന്നത്.
വോട്ടിങ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് തുടങ്ങുന്നതോടെ അതീവ സുരക്ഷ ആവശ്യമുള്ള സ്ഥലമായി കോട്ടക്കുന്ന് മാറും. വിനോദ സഞ്ചാരികളുടെ സ്വസ്തതയെ ബാധിക്കുന്ന സുരാക്ഷാ വലയം ഇവിടെ തീര്‍ക്കേണ്ടിവരുന്നത് പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കോട്ടക്കുന്നിലെ ററൈഡുകള്‍ നടത്തുന്നവര്‍ക്കോ പുതുതായി ക്വട്ടേഷന്‍ ക്ഷണിച്ചോ പാര്‍ക്ക് നടത്തിക്കൊണ്ടു പോകാവുന്നതേയൊള്ളു. നഗരസഭ ഇക്കാര്യത്തില്‍ നിസംഗതകാണിക്കുന്നത് കോട്ടക്കുന്നിനെ തകര്‍ക്കാനിടയാക്കും.

RELATED STORIES

Share it
Top