കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം ജില്ലാ പൈതൃക മ്യൂസിയമാക്കി ഉയര്‍ത്തും

പയ്യോളി: വൈദേശികാധിപത്യത്തിനെതിരെ സന്ധിയില്ലാസമരംചെയ്ത കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാരുടെ നാമധേയത്തിലുള്ള  കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം  ജില്ലാ പൈതൃക മ്യൂസിയമായി ഉയര്‍ത്താന്‍ തീരുമാനമായി. പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ഓഫീസില്‍ വിളിച്ച് ചേര്‍ത്ത മീറ്റിംഗിലാണ് തീരുമാനം. എല്ലാ ജില്ലകളിലും നിലവിലുള്ള മ്യൂസിയത്തെ ജില്ലാ പൈതൃക മ്യൂസിയം പദവിയിലേക്കുയര്‍ത്തുന്ന പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പുരാവസ്തു വകപ്പുമായി ചേ ര്‍ന്ന് നടപ്പിലാക്കി വരികയാണ്.
കോഴിക്കോട് ജില്ലയിലെ പൈതൃക മ്യൂസിയമെന്ന പദവിയാണ് ഇപ്പോള്‍ കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയത്തിന് കൈവന്നിരിക്കുന്നത്.ഇതോടെ മലബാറിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള ഈ ചരിത്ര സ്മാരക മന്ദിരം ജില്ലാ പൈതൃക മ്യൂസിയമായി കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ പോകുകയാണ്. നിലവില്‍ പരിമിതമായ സൗകര്യങ്ങളോടെ പുരവസ്തു വകുപ്പിന്റെ കീഴിലാണ് കുഞ്ഞാലി മരയ്ക്കാര്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
മ്യൂസിയം വികസിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ കെ ദാസന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ജൂണ്‍ മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ പയ്യോളി നഗരസഭയുടെ കൈവശമുള്ള മ്യൂസിയത്തിന് ചുറ്റുമുള്ള കുറച്ച് സ്ഥലം കൂടി വകുപ്പിന് കൈമാറാമെന്ന് ധാരണയായിരുന്നു.ചരിത്രത്തില്‍ വൈദേശികാധിപത്യത്തിന്നെതിരെ പോരാടി വീരമൃത്യ വരിച്ച ധീര നാവിക പോരാളിയെ കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ലോകത്തിന് മുന്നില്‍ പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഈ പദ്ധതി നടപ്പില്‍ വരുത്താനാണ്  ഉദ്ദേശിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പദ്ധതി നടപ്പിലാക്കുന്നതിനെ സംബസിച്ച് വിപുലമായ കുടിയാലോചനകള്‍ക്കായി വകപ്പ് ഡയരക്ടറെയും മറ്റ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് കൊണ്ട് എംഎല്‍എയുടെ നേതൃത്വത്തില്‍ ജൂണ്‍ 28 ന് ഒരു യോഗം മ്യൂസിയത്തില്‍ വിളിച്ച് ചേര്‍ക്കും. യോഗത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍,കെ ദാസന്‍ എംഎല്‍എ, പുരാ വസ്തു വകുപ്പ് ഡയരക്ടര്‍ രജികുമാര്‍, ക്രാഫ്റ്റ് വില്ലേജ് സിഇഒ ഭാസ്‌കരന്‍,വേണുഗോപാല്‍, അബദുറഹിമാന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top