കോടിയേരി കുരുക്കിലേക്ക് ; ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷം

എച്ച് സുധീര്‍
തിരുവനന്തപുരം: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇടപെടലുണ്ടെന്ന മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതോടെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം.
കേസിന്റെ തുടക്കംമുതല്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതിനു പിന്നില്‍ സിപിഎമ്മിലെ ഉന്നതരുടെ ഇടപെടല്‍ നടന്നുവെന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന മുന്‍ ഡിവൈഎസ്പി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍.
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഫസല്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളാ പോലിസില്‍ സ്‌ഫോടനാത്മകമായ സാഹചര്യമാണുള്ളതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസനും ആവശ്യപ്പെട്ടു. ബിജെപിയും നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഫസല്‍ വധക്കേസില്‍ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. അന്വേഷണം ഒരുഘട്ടത്തിലും തടഞ്ഞിട്ടില്ലെന്നു വ്യക്തമാക്കിയ കോടിയേരി, രാഷ്ട്രീയ മുതലെടുപ്പിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞു.
എന്നാല്‍, ഫസല്‍ വധക്കേസ് പോലിസിലെ സിപിഎമ്മിന്റെ രാഷ്ട്രീയ ഇടപെടലിനുദാഹരണമാണെന്ന് ചെന്നിത്തല വ്യക്തമാക്കി. ഫസല്‍ വധക്കേസ് അന്വേഷണം സിപിഎമ്മിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടെന്ന കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന. പോലിസ് അനുസരിക്കേണ്ടത് രാഷ്ട്രീയ യജമാനന്‍മാരെയല്ല. ദുഷ്‌പേരുള്ള ആളുകള്‍ക്ക് നിയമപാലനത്തിന്റെ ചുമതല നല്‍കിയതോടെ ക്രമസമാധാനനില തകര്‍ന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. മുന്‍ ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍ നിസ്സാരമല്ല. സിപിഎംനേതാക്കള്‍ കുടങ്ങുമെന്നതിനാലാണ് അന്വേഷണം നിര്‍ത്താന്‍ കോടിയേരി ആവശ്യപ്പെട്ടത്. ഇപ്പോള്‍ വരാപ്പുഴ കേസിലെ സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നതും ഇതുകൊണ്ടാണ്. സിബിഐ അന്വേഷിച്ചാല്‍ സിപിഎം നേതാക്കള്‍ പ്രതികളാവുമെന്ന ഭയമുള്ളതിനാലാണു സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കൊലപാതകങ്ങള്‍ തുടരാന്‍ കാരണം പോലിസിന്റെ പക്ഷപാതപരമായ നിലപാടാണെന്ന് എം എം ഹസന്‍ ആരോപിച്ചു. ശുഹൈബ് വധക്കേസിലെ കുറ്റപത്രം പോലിസ് മനപ്പൂര്‍വം വൈകിപ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് കുറ്റബോധമുള്ളതുകൊണ്ടാണ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് സന്ദര്‍ശിക്കാത്തതെന്നും ഹസന്‍ കുറ്റപ്പെടുത്തി. ഫസല്‍ കേസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴത്തെ അന്വേഷണസംഘം ആരോപണവിധേയനായ കോടിയേരി ബാലകൃഷ്ണനെയും അന്വേഷണ ഉദ്യോഗസ്ഥനെയും ചോദ്യംചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കാലങ്ങളായി തുടരുന്നതിനിടെ കഴിഞ്ഞദിവസമാണ് നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്. സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോഴാണ് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ കണ്ണൂരില്‍ നേരിട്ടെത്തി തന്നോട് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. അന്വേഷണത്തിനിടെ പാര്‍ട്ടിയില്‍ നിന്നു സമ്മര്‍ദമുണ്ടായി. പാര്‍ട്ടി പറഞ്ഞത് അനുസരിച്ചാണ് ഏതാനും പേരെ ഫസല്‍ വധക്കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്തതെന്നും രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top