കോടിയേരിയുടെ വീട്ടില്‍ ശത്രുദോഷ പരിഹാര പൂജ ;ആരോപണവുമായി 'ജന്മഭൂമി'

കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ ശത്രുദോഷ പരിഹാരത്തിനായി പൂജനടത്തിയതായി ബിജെപി മുഖപത്രം 'ജന്മഭൂമി'. കോടിയേരി താമസിക്കുന്ന തലശ്ശേരിയിലെ പപ്പന്‍പീടികയിലെ മൊട്ടേമ്മല്‍ വീട്ടില്‍ ഡിസംബര്‍ നാലുമുതല്‍ എട്ടുവരെയാണ് ശത്രുദോഷ പരിഹാര പൂജ നടത്തിയത് എന്നാണ് ജന്മഭൂമിയുടെ ആരോപണം.കൈമുക്ക് ശ്രീധരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ തൃശൂര്‍ കൊടകരയിലെ പ്രമുഖ തന്ത്രികുടുംബത്തിലെ പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുദര്‍ശന ഹോമം, ആവാഹന പൂജകള്‍ തുടങ്ങിയവയാണ് നടത്തിയത്. എട്ടോളം തന്ത്രി പ്രമുഖര്‍ പൂജകളില്‍ പങ്കെടുത്തുവെന്നും പൂജയില്‍ പങ്കെടുക്കാന്‍ കോടിയേരിയും വീട്ടില്‍ എത്തിയതായി സൂചനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടിനു സമീപത്തെ തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്ര ചിറയില്‍ അപരിചിതരായ ബ്രാഹ്മണന്മാര്‍ കുളിക്കുന്നതു കണ്ടപ്പോഴാണ് രഹസ്യമായി നടന്ന പൂജാകര്‍മ്മങ്ങളെക്കുറിച്ച് സൂചന ലഭിച്ചതെന്നും പത്രം പറയുന്നു. തൊട്ടടുത്ത വീട്ടുകാരെ താല്‍ക്കാലികമായി ഒഴിപ്പിച്ച് വൈദികര്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്നുവെന്നും വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷവും കോടിയേരിയുടെ തറവാട്ടില്‍ കുടുംബാംഗങ്ങള്‍ ദോഷപരിഹാര പൂജകള്‍ നടത്തിയത് വാര്‍ത്തയായിരുന്നു.
ഏതാനും വര്‍ഷം മുമ്പ് കോടിയേരിക്കു വേണ്ടി കാടാമ്പുഴയില്‍ പൂമൂടല്‍ പൂജ കഴിച്ചത് വിവാദമായിരുന്നു. ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശാസിച്ചതും ചര്‍ച്ചയായിരുന്നു. കഴിഞ്ഞ അഷ്ടമി രോഹിണി ദിനത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിനിടയാക്കിയത്.

RELATED STORIES

Share it
Top