കോടിയേരിയുടെ പ്രസ്താവന കലാപത്തിനുള്ള നീക്കം: മുല്ലപ്പള്ളി

കോഴിക്കോട്: സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടിയേരിയുടെ പ്രസ്താവന മലബാറില്‍ കലാപത്തിനുള്ള നീക്കമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നേതൃസംഗമത്തില്‍ പങ്കെടുക്കാനെത്തിയ മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു. കോടിയേരി തീക്കൊള്ളികൊണ്ട് തല ചൊറിയരുത്. 10 വോട്ടിനു വേണ്ടി ആപല്‍ക്കരമായ നിലപാടാണ് കോടിയേരിയുടേത്. ശബരിമലയും സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനവും പറഞ്ഞു ശാന്തമായി കിടക്കുന്ന മലബാറില്‍ കലാപമുണ്ടാക്കി വോട്ട് നേടാനാണ് സിപിഎം ശ്രമം- അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ കാര്യത്തില്‍ റിവ്യൂ പെറ്റീഷന്‍ നല്‍കുന്നതിനു പ്രയാര്‍ ഗോപാലകൃഷ്ണനെ നിയമപരമായി സഹായിക്കും. നിയമോപദേശത്തിന് അഭിഭാഷകരുമായി ചര്‍ച്ചയ്ക്കു പി സി ചാക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശബരിമല വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയലാഭത്തിനായിരുന്നു മോദി ശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജില്ലാ നേതൃസംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top