കോടിയേരിക്കെതിരേ ബിജെപി ലോകായുക്തയില്‍ പരാതി നല്‍കി

തിരുവനന്തപുരം: വ്യാജ സത്യവാങ്മൂലം നല്‍കിയെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ബിജെപി ലോകായുക്തയില്‍ പരാതി നല്‍കി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2015ല്‍ ഗവര്‍ണര്‍ക്കും വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ പരാതിയില്‍ പറയുന്നു. 2014ല്‍ നിഖില്‍ രാജേന്ദ്രന്‍ എന്നയാള്‍ക്ക് ഭാര്യ വിനോദിനിയുടെ പേരിലുള്ള ഹൗസ് പ്ലോട്ടുകള്‍ 45 ലക്ഷം രൂപയ്ക്കു വില്‍പന നടത്തിയിട്ടുണ്ട്. 45 ലക്ഷം രൂപയ്ക്കു വിറ്റ ഭൂമിക്ക് നാലരലക്ഷം രൂപ വില കാണിച്ചാണു ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചത്.
2015 ജൂണ്‍ 30നു കോടിയേരി ഗവര്‍ണര്‍ക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ വീടിരിക്കുന്ന പ്ലോട്ടിന് നാലരലക്ഷം രൂപയാണു കാണിച്ചിരിക്കുന്നത്. മാത്രമല്ല, നിഖിലിന് വിറ്റെന്നു പറയുന്ന വീട്ടിലാണ് കോടിയേരിയും കുടുംബവും ഇപ്പോഴും താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഭാര്യ വിനോദിനിയുടെ പേരില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ട് ഹൗസ്‌പ്ലോട്ടുകളുടെ വില കാണിച്ചിരിക്കുന്നത് നാലരലക്ഷം രൂപയാണ്.
2009ല്‍ സിപിഎം നിയന്ത്രണത്തിലുള്ള ചൊക്ലി സഹകരണ ബാങ്ക്, കോടിയേരി സര്‍വീസ് സഹകരണ ബാങ്ക് എന്നിവയില്‍ ഇതേ പ്ലോട്ടുകള്‍ ജാമ്യം നല്‍കി വിനോദിനി 18 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം വിറ്റ രേഖകളും തിരഞ്ഞെടുപ്പ് സത്യവാങ്മൂലവും ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.

RELATED STORIES

Share it
Top