കോടിയേരിക്കെതിരേ കോണ്‍ഗ്രസ്

തിരുവനന്തപുരം: വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തില്‍ നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍. കോടിയേരി നടത്തിയ ആക്ഷേപം തീര്‍ത്തും സംസ്‌കാരശൂന്യമാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. തന്റെ പദവിക്കോ, രാഷ്ട്രീയ പാരമ്പര്യത്തിനോ നിരക്കാത്ത പരാമര്‍ശത്തിലൂടെ ചരിത്രബോധമില്ലാത്ത നേതാവെന്ന് അദ്ദേഹം വെളിപ്പെടുത്തി. കോടിയേരിയെ പോലെ തരംതാഴാന്‍ ഒരുക്കമല്ലാത്തതിനാല്‍ അതേ ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല. കുടുംബപാരമ്പര്യം കൊണ്ടു മാത്രമല്ല, നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവര്‍ കോണ്‍ഗ്രസ് തലപ്പത്ത് എത്തിയത്. രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കു വഹിച്ച ചരിത്രപുരുഷന്‍മാരാണ് അവര്‍. രണ്ടുതവണ വൈസ് പ്രസിഡന്റ് പദവി വഹിച്ച ശേഷമാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതെന്നും ഹസന്‍ പറഞ്ഞു. കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിഷേധിച്ചു. അതേസമയം, സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കി. സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തില്‍ നൂറുകണക്കിന് ആളുകള്‍ കേള്‍ക്കെയാണു കോടിയേരി സ്ത്രീത്വത്തെയും മാതൃത്വത്തെയും പരിഹസിച്ചു പ്രസംഗിച്ചത്. ഈ പ്രസംഗം പ്രഥമദൃഷ്ട്യാ കുറ്റകരവും സ്ത്രീവിരുദ്ധവുമാണെന്ന് അദ്ദേഹം പരാതിയില്‍ പറഞ്ഞു.  ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഒന്നോര്‍ക്കണം. സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്കു നേരിട്ടു പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നതെന്ന് കോടിയേരിക്കെതിരേ വി ടി ബല്‍റാം എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധിച്ചു.

RELATED STORIES

Share it
Top