കോടികള്‍ മുടക്കി നിര്‍മിച്ച ഇഎസ്‌ഐ കെട്ടിടം കാടുകയറി നശിക്കുന്നു

കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തില്‍ ദേശീയപാതയോരത്ത് പുത്തന്‍ തെരുവില്‍ കോടികള്‍ മുടക്കി നിര്‍മിച്ച ഇഎസ്‌ഐ കെട്ടിടം കാടുമൂടി കിടന്ന് നശിക്കുന്നു. പതിനായിരത്തിലധികം കശുവണ്ടി തൊഴിലാളികളുടേയും കേരഫെഡ് കാലിത്തീറ്റ മറ്റു വിഭാഗം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ആശ്രയം നല്‍കേണ്ട സ്ഥാപനമാണ് പണി പൂര്‍ത്തീകരിച്ച് കാടുകയറി കിടക്കുന്നത്. അത്യാധുനിക നിലയിലുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി പ്രവര്‍ത്തിക്കുന്നതിനു വേണ്ടി നിര്‍മിച്ച ഇഎസ്‌ഐ കെട്ടിടമാണ് തകര്‍ന്നു കൊണ്ടിരിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാത്തതുമൂലം കുലശേഖരപുരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കേണ്ട ഇഎസ്‌ഐ ഡിസ്‌പെന്‍സറി കരുനാഗപ്പള്ളി നഗരസഭയുടെ വടക്കേ അതിര്‍ത്തിയില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കശുവണ്ടി തൊഴിലാളികളും മറ്റു ജീവനക്കാരും ചികില്‍സക്കായി എത്തുന്ന വാടക കെട്ടിടത്തില്‍ നിന്നു തിരയാന്‍ ഇടമില്ല. ഇ എസ്‌ഐ ഡിസ്‌പെന്‍സറിയുടെ സമീപത്തുള്ള ഒരു കടമുറിയിലാണ് രോഗികള്‍ മരുന്ന് വാങ്ങാന്‍ എത്തുന്നത്. തറനിരപ്പില്‍ നിന്നും രണ്ടടി ഉയരത്തില്‍ ഉള്ള കടമുറിയില്‍ ചവിട്ടുപടിയിലൂടെ കയറി മരുന്ന് വാങ്ങാന്‍ കഴിയാത്ത രോഗികള്‍ വളരെ ബുദ്ധിമുട്ടിലാണ്. പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാത്തത് ചില സാങ്കേതിക കാരണങ്ങളാലാണെന്ന് ഉദ്യോഗസ്ഥന്‍മാര്‍ പറയുന്നു. രാത്രി സമയങ്ങളില്‍ ഇ എസ് ഐ യുടെ പുതിയ കെട്ടിടം സാമൂഹിക വിരുദ്ധന്‍മാരുടെ പിടിയിലാണ്. രോഗികളെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യാന്‍ വൈകുന്നത് മൂലം നശിക്കുന്നത്.

RELATED STORIES

Share it
Top