കോടികള്‍ കക്കുന്നവരുടെ നാട്ടില്‍ പട്ടിണി മാറ്റാന്‍ അരി മോഷ്ടിക്കലാണോ വലിയ കുറ്റം: ദയാബായി

കാഞ്ഞങ്ങാട്: കോടി കണക്കിന് രൂപ കട്ട് തിന്ന് രാജ്യത്ത് വിലസുന്നവരുള്ളപ്പോള്‍ അരി മോഷ്ടിച്ച് തിന്നതാണോ ഇത്രയും വലിയ തെറ്റെന്ന് സാമൂഹികപ്രവര്‍ത്തക ദയാബായി. ഈ മോഷണത്തെ തെറ്റായി കാണാന്‍ കഴിയില്ല. ഖജനാവില്‍ നിന്ന് കോടിക്കണക്കിന് രൂപ കട്ട് തിന്നവരേ കുറിച്ച് പറയാനോ അവര്‍ക്കെതിരെ ചൂണ്ടു വിരല്‍ അനക്കാനോ അധികാരികളോ മറ്റോ ആരുമില്ല. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ വിഷയത്തില്‍ ഞാന്‍ മധുവിനോടൊപ്പമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാഞ്ഞങ്ങാട് എന്‍എച്ച്എമ്മിന്റെ കീഴിലുള്ള ജില്ലാ പ്രോഗാം മാനേജറുടെ ഓഫിസിലേക്ക് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദയാബായി. ഹിറ്റ്‌ലര്‍ ചെയ്ത നരവേട്ടയേക്കാളും നാഗസാക്കി, ഹിരോഷിമയേക്കാളും ഭയാനകമാണ് മധുവിനോട് ചെയ്തത്.
പണത്തിന്റെ ഉപയോഗം പോലും മധുവിന് അറിയില്ലെന്നാണ് ഞാന്‍ മനസിലാക്കിയത്. മുന്നില്‍ കാണുന്ന ഭക്ഷണസാധനങ്ങള്‍ കൈക്കലാക്കി പാറമടയിലേക്ക് മടങ്ങുന്ന ശീലം മധുവിനുണ്ടായിരുന്നുവെന്നാണ് അറിയാന്‍ സാധിച്ചത്. ഇത് മോഷണമാണെന്ന് ഇയാള്‍ ഒരിക്കലും തിരിച്ചറിഞ്ഞില്ല.  മധുവിനെ കുറിച്ച് ഇനിയും സംസാരിച്ച് കൊണ്ടേയിരുന്നിട്ട് കാര്യമില്ല. തെറ്റുകാര്‍ക്കെതിരെ നടപടിയുണ്ടാകണം.  ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള സമത്വം ആദിവാസികളോട് കാണിക്കുന്നുണ്ടോയെന്നും സംശയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top