കോടികളുടെ മാമാങ്കം നടത്തിയിട്ട് എന്തുനേടി: മുരളീധരന്‍

സ്വന്തം   പ്രതിനിധി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍പോലും നല്‍കാന്‍ കാശില്ലാതിരിക്കുമ്പോള്‍ കോടികള്‍ മുടക്കി ലോക കേരളസഭയെന്ന മാമാങ്കം സംഘടിപ്പിച്ചതുകൊണ്ട് പ്രവാസികള്‍ക്ക് എന്തു നേട്ടമാണുണ്ടായതെന്ന് കെ മുരളീധരന്‍ എംഎല്‍എ.
സഭ രൂപീകരിച്ചതുവഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്തെന്നു മനസ്സിലാവുന്നില്ല. രണ്ടുദിവസവും പതിവ് ചര്‍ച്ചയും സിംപോസിയവുമാണ് നടന്നത്. പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി എല്ലാവര്‍ക്കുമറിയാം. അത് വീണ്ടും ചര്‍ച്ചചെയ്യുകയല്ല. അവര്‍ക്ക് പ്രയോജനകരമായ നടപടികളാണ് വേണ്ടതെന്നും മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സഭ ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ എകെജിയുടെ മഹത്വത്തെപ്പറ്റിയാണ് പറഞ്ഞത്. എകെജിയും പ്രവാസികളും തമ്മിലുള്ള ബന്ധമെന്തെന്ന് മനസ്സിലാവുന്നില്ല. വി ടി ബല്‍റാമിന് മറുപടി പറയാന്‍ വാര്‍ത്താസമ്മേളനമോ ഫേസ്ബുക്ക് പോസ്‌റ്റോ മതിയായിരുന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു. ഇത്രയും ഉപദേശകരുണ്ടായിട്ടും കൃത്യമായി ഉപദേശങ്ങള്‍ നല്‍കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.
ലോക കേരളസഭ എന്നാല്‍ പ്രവാസി അവഹേളന സഭയാണെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും വിലയിരുത്തി. വിലയില്ലാത്ത യോഗം നടത്താന്‍ പരിപാവനമായ നിയമസഭാവേദി ഉപയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണ്. പ്രവാസികളെ തരംതിരിച്ച് അപമാനിച്ചിരിക്കുന്നു. ഇത് പിരിവിനുള്ള തരംതിരിച്ച 'ഡയറക്ടറി' ഉണ്ടാക്കാനുള്ള കൗശലം മാത്രമാണ്. ഒരു ഉപദേശ സമിതിക്കു പട്ടിണിക്കാര്‍ക്ക് അരിവാങ്ങാനുള്ള കാശ് ചെലവഴിക്കണമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. സ്പീക്കര്‍ ഇതിനു കൂട്ടുനിന്നത് നീതീകരിക്കാനാവില്ലെന്നും പന്തളം സുധാകരന്‍ പറഞ്ഞു.

RELATED STORIES

Share it
Top