കോടികളുടെ മയക്കുമരുന്നു വേട്ട: സംഘത്തലവന്‍ പിടിയില്‍

അരീക്കോട്: 25 ലക്ഷം രൂപയോളം വിലവരുന്ന നിരോധിത മയക്കുമരുന്ന് കെറ്റമിനുമായി തമിഴ്‌നാട് സ്വദേശി  പ്രത്യേക അന്യേഷണ സംഘത്തിന്റെ പിടിയിലായി. 2 ആഴ്ചയോളമായി പ്രത്യേക അന്യേഷണ സംഘം നടത്തിയ നീക്കത്തില്‍ 12 കോടിയോളം വിലവരുന്ന മയക്കുമരുന്നുമായി 15 ഓളം പ്രതികളെ അരീക്കോടും, മഞ്ചേരിയിലുമായി പിടികൂടിയിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്‌നാട് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയകളെ കുറിച്ച് അന്യേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. കഴിഞ്ഞ 18 ന് 6 കോടി രൂപയുടെ മയക്കുമരുന്നുമായി 5 തമിഴ്‌നാട് സ്വദേശികളെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് തമിഴ്‌നാട് കുംഭകോണം സ്വദേശിയായ ബാലാജി യെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പ്രത്യേക അന്യേഷണസംഘം ഇയാളെ രഹസ്യമായി നീരീക്ഷിച്ചു വരികയായിരുന്നു. വളരെ തന്ത്രപരമായി കേരളത്തിലെ മയക്കുമരുന്നു മൊത്ത വിതരണക്കാരാണെന്ന രീതിയില്‍ ഇയാളുമായി ബന്ധം സ്ഥാപിച്ച് ഡീല്‍ ഉറപ്പിക്കുന്നതിനായി കെറ്റമിന്റെ സാമ്പിളുമായി അരീക്കോട് വരാന്‍ പറഞ്ഞിരുന്നു. സാമ്പിളുമായി അരീക്കോട്  എത്തിയ ഇയാളെ പിടികൂടുകയായിരുന്നു. അന്യേഷണത്തില്‍ ബാലാജിക്ക് കേരളം, തമിഴ്‌നാട്. കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മയക്കുമരുന്ന് മാഫിയകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി മനസ്സിലായിട്ടുണ്ട്. ആന്ധ്രയിലെ  കഞ്ചാവ് മൊത്ത വിതരണക്കാരുമായും ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കഞ്ചാവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു നല്‍കിയിരുന്നതായും സൂചനയുണ്ട്. ആന്ധ്രയിലെ ആയുധ മാഫിയകളുമായി ബന്ധം സ്ഥാപിച്ച് ആയുധങ്ങള്‍ കേരളത്തിലേയും തമിഴ്‌നാട്ടിലേയും ആവശ്യക്കാര്‍ക്ക് ഇയാള്‍ എത്തിച്ചു നല്‍കുന്നതായും സംശയിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്തതില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. ഇതോടെ അരീക്കോടും മഞ്ചേരിയും കേന്ദ്രീകരിച്ച് പ്രത്യേക അന്വോഷണ സംഘം പിടികൂടിയ ആളുകളുടെ എണ്ണം 16 ആയി. ബാലാജിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.  മലപ്പുറം ജില്ലാ പോലിസ് മേധാവി  പേഷ് കുമാര്‍ ബഹ്‌റ ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐഎന്‍ബി ഷൈജു, അരീക്കോട് എസ്‌ഐ സിനോദ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്യേഷണ സംഘാംഗങ്ങളായ സത്യനാഥന്‍, അബ്ദുള്‍ അസീസ്, ഉണ്ണികൃഷണന്‍, ശശികുണ്ടറക്കാട്.പി. സഞ്ജീവ്, മുഹമ്മദ് സലിം, മനോജ് കുമാര്‍ എന്നിവരാണ് പ്രതിയെ പിടികൂടി അന്യേഷണം നടത്തുന്നത്.

RELATED STORIES

Share it
Top