കോടനാട് കൊലക്കേസ് പ്രതികളുടെ വാഹനാപകടം : കനകരാജിന്റെ മരണത്തിലെ ദുരൂഹത തുടരുന്നുപാലക്കാട്: ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റ് ബംഗ്ലാവില്‍ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാംപ്രതി കനകരാജ് കാറിടിച്ചു മരിച്ചതില്‍ ദുരൂഹത തുടരുന്നു. രണ്ടു കാറുള്ള കനകരാജ് എടപ്പാടിയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ആത്തൂരിലേക്ക് ഇരുചക്രവാഹനത്തില്‍ യാത്രചെയ്തതിലും അപകടം സംഭവിച്ചതിലുമാണ് ദുരൂഹത. കനകരാജിനെ ഇടിച്ച കാറിന്റെ ഡ്രൈവര്‍ ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കാര്‍ ഓടിച്ചിരുന്ന സേലം സ്വദേശി റഫീക്കും(28) ഇയാളുടെ സുഹൃത്തും  അപകടം നടന്ന ദിവസം ഉച്ചയോടെ ആത്തൂര്‍ പോലിസില്‍ കീഴടങ്ങുകയായിരുന്നു.കുറച്ചു പണം ശരിയായിട്ടുണ്ടെന്നും അതു വാങ്ങാന്‍ പോവുകയാണെന്നും പറഞ്ഞാണ് കനകരാജ് 28നു രാത്രി വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പോലിസിനു മൊഴി നല്‍കിയിട്ടുണ്ട്. കാവല്‍ക്കാരന്റെ കൊലപാതകത്തില്‍  പ്രതിയാക്കിയതോടെ കനകരാജ് ബന്ധുവീട്ടിലാണു താമസിച്ചിരുന്നത്. ഇറങ്ങുന്നതിനു തൊട്ടുമുമ്പ് കനകരാജിന് ഫോണ്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെ ഇയാള്‍ പുതിയ സിം കാര്‍ഡും എടുത്തിരുന്നു.28ന് അര്‍ധരാത്രിയോടെ കാട്ടുകോട്ടൈയിലെത്തിയ കനകരാജ് ലോഡ്ജില്‍ മുറിയെടുത്തതായി പോലിസ് പറയുന്നു. പിന്നീട് പുലര്‍ച്ചെ ബൈക്കില്‍ ആത്തൂര്‍ ഭാഗത്തേക്കു പോയതായി ലോഡ്ജ് ജീവനക്കാരനും പറയുന്നു. ആത്തൂരിനടുത്ത് ഒഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. റോഡില്‍ മൃതദേഹം കണ്ട യാത്രക്കാരാണ് പോലിസിനെ വിവരമറിയിച്ചത്. സമീപത്തു തന്നെ തകര്‍ന്ന ബൈക്കും ഉപേക്ഷിച്ച നിലയില്‍ കാറും കണ്ടെത്തി. അതേസമയം, കോടനാട് ബംഗ്ലാവില്‍ ഫര്‍ണിച്ചര്‍ പണി നടത്തിയിരുന്ന മലയാളി വിദേശത്തേക്കു കടന്നതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. മരിച്ച കനകരാജുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയാണിത്.എടപ്പാടി കാട്ടുവളവ് സ്വദേശിയായ കനകരാജ് 2007 മുതല്‍ അഞ്ചു വര്‍ഷം ജയലളിതയുടെ സ്വകാര്യ വാഹനത്തിലെ ഡ്രൈവറായിരുന്നു. വിശ്വസ്തനായ ഇയാള്‍ക്ക് എസ്‌റ്റേറ്റില്‍ സമയം നോക്കാതെ കയറാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു.എഐഎഡിഎംകെ സേലം ജില്ലാ സെക്രട്ടറിയായിരുന്ന കെ ശരവണനാണ് കനകരാജിന് ജയലളിതയുടെ ഡ്രൈവറായി ജോലി വാങ്ങിക്കൊടുത്തത്. 2011ല്‍ ശരവണന്റെ മരണശേഷം ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി കനകരാജിനെ മാറ്റി മറ്റൊരാളെ ഡ്രൈവറായി നിയമിക്കുകയായിരുന്നു. എന്നാല്‍, ജയലളിതയുടെ പേരില്‍ പണപ്പിരിവു നടത്തുന്നുവെന്ന പരാതിമൂലം കനകരാജിനെ പുറത്താക്കിയതാണെന്നും വിവരമുണ്ട്.ഡ്രൈവര്‍ ജോലി നഷ്ടമായെങ്കിലും എസ്‌റ്റേറ്റ് ജീവനക്കാരുമായി കനകരാജ് അടുത്ത ബന്ധം തുടര്‍ന്നു. എസ്‌റ്റേറ്റിലെ ഉദ്യാനത്തിലേക്കു വളം എത്തിച്ചിരുന്നതു കനകരാജാണ്. ജോലി നഷ്ടമായശേഷം പഴയ കാറുകള്‍ വാങ്ങി മറിച്ചു വില്‍ക്കുന്ന തൊഴില്‍ ചെയ്തിരുന്നു.കോടനാട് എസ്‌റ്റേറ്റില്‍നിന്ന് എന്തെല്ലാം നഷ്ടപ്പെെട്ടന്ന് പോലിസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

RELATED STORIES

Share it
Top