കോടതി വിലക്കു ലംഘിച്ച് ഹനുമാന്‍സേനയുടെ ദേവസ്വം ഓഫിസ് മാര്‍ച്ച്

ഗുരുവായൂര്‍: കേരളാ ഹൈകോടതിയുടെ ഉത്തരവ് ലംഘിച്ച് ഹനുമാന്‍ സേന (ഭാരത്) മണലൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഗുരുവായൂര്‍ ദേവസ്വം ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് വിവാദമാകുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നെയ്‌വിളക്ക് ശീട്ടാക്കുന്ന ഭക്തന് നേരിട്ട് ദര്‍ശനസൗകര്യം ഏര്‍പ്പെടുത്തിയ ഭരണസമിതിയുടെ പുതിയ തീരുമാനം, ക്ഷേത്രത്തെ വാണിജ്യവത്ക്കരിക്കുന്നുവെന്നാരോപിച്ചാണ് ഇന്നലെ ഉച്ചയോടെ ഒരുവനിതയടക്കം 28-ഓളം ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ബാനര്‍ പിടിച്ച് മുദ്രാവാക്യം മുഴക്കി ദേവസ്വം ഓഫീസിലേക്ക് കാവികൊടിയുമായെത്തി പ്രതിഷേധിച്ചത്. പ്രതിഷേധക്കാര്‍ ദേവസ്വം ഓഫീസ് കവാടത്തിലെത്തിയതോടെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാര്‍ ഓഫീസ് കവാടം അടച്ചിട്ടു. ഈ സമയം ദേവസ്വം ഓഫീസ് പരിസരത്ത് പോലീസ് സംവിധാനം ഒന്നുമുണ്ടായിരുന്നില്ല. സാധാരണ ഇത്തരം സമരങ്ങളോ, പ്രതിഷേധ ജാഥകളോ ദേവസ്വം റോഡ് തുടങ്ങുന്നിടത്തുവെച്ച് പോലീസ് തടയുകയാണ് പതിവ്. ഇന്നലെ അരങ്ങേറിയ ഈ സംഭവം പോലീസ് സംവിധാനത്തിന്റേയും, പോലീസ് സ്‌പെഷല്‍ ബ്രാഞ്ചിന്റേയും കടുത്ത അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രതിഷേധക്കാര്‍ ഒറ്റക്കായിവന്ന് ദേവസ്വം ഓഫീസ് പരിസരത്തുവെച്ച് പെട്ടെന്ന് സംഘടിച്ചതാണെന്നാണ് പോലിസിന്റെ ഭാഷ്യം. എന്നാല്‍ കിഴക്കേനടയിലെ ഇന്നര്‍റോഡുവഴി കാവികൊടിയും, ഗുരുവായൂര്‍ ക്ഷേത്രത്തെ വാണിഭമാക്കിയ ദേവസ്വം ബോര്‍ഡിന്റേയും, എല്‍.ഡി.എഫ് സര്‍ക്കാരിന്റേയും നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ ബാനറും ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയാണ് സംഘടിതമായി പ്രതിഷേധക്കാരെത്തിയത്. നിരന്തരം ഭീഷണിമുഴക്കിയുള്ള ഫോണ്‍സന്ദേശങ്ങളെത്തുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിന് അതീവ സുരക്ഷാക്രമീകരണങ്ങളൊരുക്കേണ്ട പോലീസ് സംവിധാനത്തിന്റെ വന്‍ പരാജയത്തിലേക്കാണ് ഇന്നലത്തെ ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. പോലീസ് ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ പി.എ. ശിവദാസിന്റേയും, ടെമ്പിള്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. സുനില്‍കുമാറിന്റേയും നേതൃത്വത്തില്‍ 20-ഓളം പോലീസെത്തി സംഘടനാ ചെയര്‍മാന്‍ ഭക്തവത്സലനേയും, വനിതാ നേതാവ് ഉഷയേയും അടക്കം 28-പേരെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു.

RELATED STORIES

Share it
Top