കോടതി വിധിയെ അനുകൂലിച്ച് സംഘപരിവാര പത്രം

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ബിജെപിയുടെ ഔദ്യോഗിക നിലപാടു തള്ളി പാര്‍ട്ടി മുഖപത്രം. സ്ത്രീകളുടെ ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന ജന്മഭൂമിയിലെ ലേഖനമാണ് ബിജെപിക്കു തിരിച്ചടിയായത്. ആര്‍എസ്എസ് ബുദ്ധിജീവിയും ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടറുമായ ആര്‍ സഞ്ജയന്റേതാണ് ലേഖനം.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര സംഘടനകള്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന കടുത്ത ഭിന്നതയുടെ തുടര്‍ച്ചയാണ് സഞ്ജയന്റെ ലേഖനമെന്നാണു വിലയിരുത്തല്‍. സ്ത്രീപ്രവേശനത്തിന്റെ പേരില്‍ ഹിന്ദുസമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ നടത്തുന്ന വിവാദങ്ങള്‍ക്കു പ്രസക്തിയില്ലെന്നു ലേഖനത്തില്‍ പറയുന്നു. സ്ത്രീകള്‍ പ്രവേശിക്കുന്നത് ക്ഷേത്രത്തിന്റെ മഹത്ത്വവും പ്രശസ്തിയും വര്‍ധിപ്പിക്കും. സ്ത്രീപ്രവേശനം നിഷേധിച്ചിരുന്നത് ഒരു കീഴ്‌നടപ്പു മാത്രമാണ്. അതിന് ധര്‍മ-തന്ത്ര ശാസ്ത്രങ്ങളുടെയോ യുക്തിയുടെയോ പിന്‍ബലമില്ലെന്നും ലേഖനം വ്യക്തമാക്കുന്നു.
മതസ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അതു മറ്റു മൗലികാവകാശങ്ങള്‍ക്കു വിരുദ്ധമാവാന്‍ പാടില്ലെന്നാണു ഭരണഘടന നിഷ്‌കര്‍ഷിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട കോടതിവിധിയുടെ അന്തസ്സത്തയോട് വിയോജിക്കാന്‍ കഴിയില്ല. വിഷയം വൈകാരികമായതിനാല്‍ സ്ഥാപിതതാല്‍പര്യക്കാര്‍ അവരുടെ ചൂഷണോപാധിയാക്കാന്‍ ഇടയുണ്ടെന്നും ഇതില്‍ ജാഗ്രതപുലര്‍ത്തണമെന്നും ഓര്‍മിപ്പിച്ചുകൊണ്ടാണു ലേഖനം അവസാനിക്കുന്നത്.
അതേസമയം, ലേഖനം സംബന്ധിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ ആരും തയ്യാറായില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അടക്കമുള്ള ഒരുവിഭാഗം നേതാക്കള്‍ സ്ത്രീപ്രവേശനത്തെ ശക്തമായി അനുകൂലിക്കുകയാണ്. ആര്‍എസ്എസ് നേതൃത്വം കോടതിവിധിയെ ആദ്യം സ്വാഗതം ചെയ്‌തെങ്കിലും പിന്നീട് നിലപാടു മാറ്റി. തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വിഷയം വൈകാരികമായി ഉയര്‍ത്തിക്കൊണ്ടുവരാനാണു ബിജെപിയുടെ നിലവിലെ തീരുമാനം. കോടതിവിധിക്കെതിരേ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷസമരം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി.

RELATED STORIES

Share it
Top