കോടതി വിധികള്‍ പലതും ആശങ്കാജനകം: പോപുലര്‍ ഫ്രണ്ട്

പുത്തനത്താണി: പ്രാര്‍ഥനയ്ക്ക് പള്ളികള്‍ ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന സുപ്രിംകോടതി വിധി ആശങ്കാജനകമാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ അസംബ്ലി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മതകാര്യങ്ങളില്‍ ഇടപെട്ട് കോടതികള്‍ വിധി കല്‍പിക്കുന്ന രീതി ദുരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.
വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്ത് വിവിധ മതവിഭാഗങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും പരിഗണിച്ചാണ് കോടതികള്‍ നിയമവ്യാഖ്യാനം നടത്തേണ്ടത്. ഭരണഘടനയുടെ താല്‍പര്യവും അതുതന്നെയാണ്. ഇപ്പോഴത്തെ വിധി ഉടമസ്ഥാവകാശം സംബന്ധിച്ച ബാബരി മസ്ജിദ് കേസിനെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാല്‍, പ്രസ്തുത വിധി പുനപ്പരിശോധിക്കണമെന്നും ജനറല്‍ അസംബ്ലി ആവശ്യപ്പെട്ടു. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രിംകോടതി കഴിഞ്ഞദിവസം പുറപ്പെടുവിച്ച വിധിയും അനുചിതമാണ്. വിവാഹേതര ബന്ധവും സ്വവര്‍ഗ രതിയും കുറ്റകരമല്ലെന്ന സമീപകാല വിധികളും സമൂഹത്തില്‍ അരാജകത്വവും അധാര്‍മികതയും വളര്‍ത്താന്‍ ഇടയാക്കുന്നതാണെന്നും യോഗം വിലയിരുത്തി.
ഭരണകൂടത്തിനെതിരായുയരുന്ന വിമര്‍ശനസ്വരങ്ങളെ രാജ്യദ്രോഹത്തിന്റെയും തീവ്രവാദത്തിന്റെയും വ്യാഖ്യാനത്തില്‍പ്പെടുത്തി തുറുങ്കിലടയ്ക്കാനുള്ള മോദി ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. മോദിസര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ഭരണകൂടത്തിന്റെ നയനിലപാടുകളെ വിമര്‍ശിക്കുന്നവരെ ഭീകരനിയമത്തിലുള്‍പ്പെടുത്തി തുറുങ്കിലടയ്ക്കുന്നത് സാധാരണമായിരിക്കുന്നു. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ച് ശക്തമായ ആരോപണം ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നു യോഗം ആവശ്യപ്പെട്ടു. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഹൊളാന്‍ദിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കലാലയങ്ങളില്‍ എസ്എഫ്‌ഐ നേതൃത്വത്തില്‍ വ്യാപകമായ അക്രമമാണ് നടക്കുന്നത്. ഗുണ്ടാസംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് പിന്തുണ നല്‍കുന്നതില്‍ നിന്നു സിപിഎം പിന്‍വാങ്ങാന്‍ തയ്യാറാവണം. പ്രളയ ദുരന്തത്തെ നേരിടുന്നതില്‍ കേരള ജനത പ്രകടിപ്പിച്ച ഐക്യവും സഹജീവി സ്‌നേഹവും സമാനതകളില്ലാത്തതാണ്. എന്നാല്‍, പുനരധിവാസ നടപടികളില്‍ വേണ്ടത്ര ഏകോപനമോ വേഗമോ ഉണ്ടാവുന്നില്ല. കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടും നവകേരള സൃഷ്ടി പ്രചാരണങ്ങള്‍ക്കപ്പുറം പോയിട്ടില്ല. കേന്ദ്ര സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്നു ഭരണകൂടം പിന്മാറണമെന്നും ഇന്ധനവില നിയന്ത്രണം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍, ദേശീയ സമിതി അംഗം എ സഈദ്, കെ സാദത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ സി അബ്ദുല്‍ ഹമീദ്, കെ മുഹമ്മദലി, ബി നൗഷാദ് ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top