കോടതി വിധികള്‍ ആശങ്കാജനകം: നജീബ് മൗലവി

മലപ്പുറം: സുപ്രിംകോടതിയില്‍ നിന്ന് ഈയിടെ തുടര്‍ച്ചയായുണ്ടായ ഏതാനും വിധികള്‍ ആശങ്കാജനകമാണെന്നു സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി എ നജീബ് മൗലവി. വിവാഹപൂര്‍വ ബന്ധവും വിവാഹേതര ബന്ധവും സ്വവര്‍ഗരതിയും ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കില്‍ കുറ്റകരമല്ലെന്ന വിധി രാജ്യത്തു നിലനില്‍ക്കുന്ന സാമൂഹിക സദാചാരബോധത്തിനു വിരുദ്ധവും വിവാഹമോചനവും കുടുംബ ശൈഥില്യവും വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന സ്ത്രീ-പുരുഷ തുല്യതയ്ക്കു വിരുദ്ധമാണെന്ന ന്യായത്തില്‍ ശബരിമലയില്‍ യുവതികള്‍ക്കുള്ള വിലക്ക് എടുത്തുകളയുന്ന വിധി മതനിയമങ്ങളിലും ആചാരങ്ങളിലും സര്‍ക്കാരിനും കോടതികള്‍ക്കും ഇടപെടാന്‍ അവസരം സൃഷ്ടിക്കും. മുസ്‌ലിംകള്‍ക്ക് ആരാധന നടത്താന്‍ മസ്ജിദുകള്‍ അനിവാര്യമല്ലെന്ന കോടതി പരാമര്‍ശം ശരിവച്ച വിധിയും മതവിശ്വാസികള്‍ക്കു പള്ളികള്‍ നിര്‍മിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാന്‍ പോലും നിമിത്തമായേക്കും. ഇത്തരം വിധികള്‍ ബഹുമാനപ്പെട്ട നീതിപീഠങ്ങളില്‍ നിന്ന് ഉണ്ടാവുന്നത് ഖേദകരമാണെന്നും നജീബ് മൗലവി പറഞ്ഞു.

RELATED STORIES

Share it
Top