കോടതി പരാമര്‍ശം നിര്‍ഭാഗ്യകരം: വി എം സുധീരന്‍

തിരുവനന്തപുരം: എറണാകുളം പത്തടിപ്പാലത്തെ പ്രീത ഷാജിയുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതും നിയമവാഴ്ച ഇല്ലാത്ത വെള്ളരിക്കാപട്ടണമായി നാടിനെ തരംതാഴ്ത്താനാവില്ലെന്ന കോടതി പരാമര്‍ശവും നിര്‍ഭാഗ്യകരമാണെന്ന് വി എം സുധീരന്‍. ഈ വിഷയത്തിലെ മാനുഷിക വശങ്ങളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കോടതി പരിഗണിച്ചതായി കാണുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യയിലെ വന്‍കിടക്കാരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയത് ഏതാണ്ട് 2.5 ലക്ഷം കോടി രൂപയാണ്. വായ്പാ കുടിശ്ശികയായി 10 ലക്ഷം കോടി രൂപയോളം നിലവിലുണ്ടുതാനും. വന്‍കിടക്കാര്‍ക്ക് വേണ്ടി ഇത്രയും വന്‍ തുക എഴുതിത്തള്ളുകയും അതിന്റെ നാലിരട്ടി തുക വായ്പ കുടിശ്ശികയായി (എന്‍പിഎ) നിലനില്‍ക്കുകയും ചെയ്യുമ്പോഴാണ് കേവലം തുച്ഛമായ രണ്ട് ലക്ഷം രൂപയുടെ വായ്പാ ജാമ്യക്കാരെ അവരുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കിക്കൊണ്ട് കോടതി വിധിയിലൂടെ പെരുവഴിയിലേക്ക് തള്ളിവിടുന്നത്. നിയമത്തെ ദുരുപയോഗപ്പെടുത്തി മനുഷ്യരുടെ നിലനില്‍പ്പ് ഇല്ലാതാക്കുന്ന ഹീനശ്രമങ്ങള്‍ക്കെതിരേ ശക്തമായ ജനപ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

RELATED STORIES

Share it
Top