കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാം

ന്യൂഡല്‍ഹി: സുപ്രധാന കേസുകളില്‍ സുപ്രിംകോടതിയില്‍ നടക്കുന്ന നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യാമെന്ന് കോടതി. ഇതിനുള്ള ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. സംപ്രേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ കോടതി അംഗീകരിച്ചു. തല്‍സമയ സംപ്രേഷണം പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ്. ഇത് നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയ്ക്കു വഴിയൊരുക്കുമെന്ന് കോടതി വ്യക്തമാക്കി.
കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണം ആവശ്യപ്പെട്ട് പ്രമുഖ അഭിഭാഷക ഇന്ദിര ജയ്‌സിങും ഒരു നിയമ വിദ്യാര്‍ഥിയും നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി. കോടതി നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനോട് അനുകൂല നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പീഡനക്കേസുകളും വൈവാഹിക കേസുകളും ഒഴികെയുള്ളവ തല്‍സമയ സംപ്രേഷണം ആവാമെന്ന് ജൂലൈ ഒമ്പതിന് നടന്ന വാദത്തിനിടെ കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.
തല്‍സമയ സംപ്രേഷണം സംബന്ധിച്ച ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
വൈവാഹിക വിഷയങ്ങള്‍, ലൈംഗിക പീഡനക്കേസുകള്‍, കുട്ടികള്‍ ഉള്‍പ്പെട്ട കേസുകള്‍ തുടങ്ങിയവ തല്‍സമയ സംപ്രേഷണത്തില്‍ നിന്ന് ഒഴിവാക്കണം. കേസിലെ ഏതെങ്കിലും കക്ഷിക്ക് വിയോജിപ്പുണ്ടെങ്കില്‍ കോടതിക്ക് തീരുമാനമെടുക്കാം.
സംപ്രേഷണം ചെയ്യാന്‍ ഒരിക്കല്‍ നല്‍കിയ അനുമതി കോടതിക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുപിടിക്കാവുന്നതാണ്. കോടതി നടപടികള്‍ ആരംഭിച്ച് പത്തു മിനിറ്റ് കഴിഞ്ഞ് സംപ്രേഷണം ആരംഭിക്കണം. സംപ്രേഷണത്തിന് ദൂരദര്‍ശന്‍ പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിക്കണം. ജഡ്ജിമാരെയും വാദിക്കുന്ന അഭിഭാഷകരെയും മാത്രമേ കാണിക്കാവൂ. അവരുടെ പേപ്പറുകള്‍, ഫയലുകള്‍, പുസ്തകങ്ങള്‍ എന്നിവയോ ജഡ്ജിമാര്‍ തമ്മിലുള്ള ചര്‍ച്ചയോ കാണിക്കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു.

RELATED STORIES

Share it
Top