കോടതി ഉത്തരവ് സത്യത്തിന്റെ വിജയം: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: 20 ആംആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എമാരെ അയോഗ്യരാക്കിയ കേന്ദ്രത്തിന്റെ വിജ്ഞാപനം റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സത്യത്തിന്റെ വിജയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കോടതിവിധിയെ സ്വാഗതം ചെയ്തു.
ഡല്‍ഹി നിയമസഭയില്‍ ഡസ്‌ക്കിലടിച്ചു കൊണ്ടാണ് എഎപി എംഎല്‍എമാര്‍ കോടതി ഉത്തരവിനെ സ്വാഗതം ചെയ്തത്. അവര്‍ ഭാരത് മാതാ കീ ജയ് എന്നും വിളിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അയോഗ്യരാക്കിയത് തെറ്റാണ് . ഹൈക്കോടതി ഡല്‍ഹിയിലെ ജനങ്ങള്‍ക്കു നീതി നല്‍കി. ഡല്‍ഹി ജനതയ്ക്ക് അഭിനന്ദനങ്ങള്‍- കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇരട്ട പദവിയുടെ പേരില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ജനവിധി അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവെന്ന് എഎപി നേതാവ് അശുതോഷ് പറഞ്ഞു.
സര്‍ക്കാരിനെ പുറത്താക്കാനുള്ള ശ്രമമായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റേത്- അദ്ദേഹം ആരോപിച്ചു. അതേസമയം, കോടതിവിധിയുടെ വെളിച്ചത്തില്‍ 20 എംഎല്‍എമാര്‍ക്കും നടപ്പ് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാംനിവാസ് ഗോയല്‍ അനുമതി നല്‍കി.

RELATED STORIES

Share it
Top