കോടതി ഉത്തരവ് ലംഘിച്ചു ബിജെപി എംപി മനോജ് തിവാരിക്ക് രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി മുദ്രവച്ച കെട്ടിടത്തിന്റെ പൂട്ട് പരസ്യമായി തകര്‍ത്ത ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റും ലോക്‌സഭാ എംപിയുമായ മനോജ് തിവാരിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം.
വിഷയത്തില്‍ സുപ്രിംകോടതി വ്യാഴാഴ്ച തിവാരിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. കോടതിയുടെ ഉത്തരവ് പരസ്യമായി ലംഘിച്ച ബിജെപി നേതാവ് ഇന്നലെ കോടതി മുമ്പാകെ നേരിട്ട് ഹാജരാവണമെന്നായിരുന്നു ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.
ഇതുപ്രകാരം ഇന്നലെ കോടതിയില്‍ ഹാജരായ തിവാരിയോട് നിയമം കൈയിലെടുക്കാനുള്ള അധികാരമൊന്നും നിങ്ങള്‍ക്കില്ലല്ലോ എന്നായിരുന്നു ബെഞ്ചിന്റെ ആദ്യ ചോദ്യം. ഇതിനു ശേഷം, ഡല്‍ഹിയില്‍ മുദ്രവയ്ക്കാത്ത നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന 1000 കെട്ടിടങ്ങള്‍ ഉണ്ടെന്നു താങ്കള്‍ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നുവല്ലോ, അടുത്ത ദിവസം രാവിലെ ആ 1000 കെട്ടിടങ്ങളുടെ ലിസ്റ്റ് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ലിസ്റ്റ് നല്‍കിയാല്‍ അവ അടച്ചുപൂട്ടാനുള്ള അധികാരം നിങ്ങള്‍ക്കു തരാമെന്നും ബെഞ്ച് തിവാരിയോട് പറഞ്ഞു. തുടര്‍ന്ന് തിവാരിക്ക് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഒരാഴ്ച സമയം നല്‍കി.
നിയമവിരുദ്ധമായി ഗോശാല നടത്തിയ കെട്ടിടമാണ് സുപ്രിംകോടതി ഉത്തരവുപ്രകാരം ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൂട്ടിയത്. ഇതിന്റെ പൂട്ട് കഴിഞ്ഞ ആഴ്ച മനോജ് തിവാരി പരസ്യമായി തകര്‍ത്തിരുന്നു. സംഭവത്തില്‍ തിവാരിക്കെതിരേ ഡല്‍ഹി പോലിസ് കേസെടുത്തിരുന്നു.

RELATED STORIES

Share it
Top