കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് പെന്‍ഷന്‍ തടയാന്‍ അധികാരമില്ല: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി/തിരുവനന്തപുരം:  കോടതി ഉത്തരവ് പ്രകാരം തുക ഈടാക്കാനുണ്ടെങ്കില്‍ അത് ഈടാക്കാനുള്ള അധികാരം പെന്‍ഷന്‍ സാങ്ഷനിങ് അതോറിറ്റിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കുമുണ്ടെന്നും അക്കാരണം പറഞ്ഞ് ഗ്രാറ്റിവിറ്റിയും ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പെന്‍ഷന്‍ ഔദാര്യമല്ലെന്നും അവകാശമാണെന്നും സര്‍ക്കാരിന് സര്‍ക്കുലര്‍ പ്രകാരം അതു തടയാന്‍ അധികാരമില്ലെന്നുമുള്ള സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ അവഗണിക്കരുതെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് പറഞ്ഞു.2015ല്‍ മാന്നാര്‍ സ്റ്റേഷനില്‍ നിന്നു വിരമിച്ച സബ് ഇന്‍സ്‌പെക്ടര്‍ എം കെ അശോകന്‍ ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്.  പരാതിക്കാരനില്‍ നിന്ന് ആവശ്യമെങ്കില്‍ ബോണ്ട് വാങ്ങി ഗ്രാറ്റിവിറ്റി, പെന്‍ഷന്‍, ലീവ് സറണ്ടര്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ രണ്ടു മാസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. കോവളം ബീച്ചില്‍ 2015 ജൂലൈ 18ന് നടന്ന അപകടത്തില്‍ മരിച്ച 5 യുവാക്കളുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്ം 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.  ഇവരുടെ അവകാശികള്‍ക്ക് നേരത്തെ നഷ്ടപരിഹാരമായി എന്തെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ അത് കിഴിച്ച് ബാക്കി തുക നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. യുവാക്കളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുള്ളതായി ജില്ലാ കലക്ടര്‍ കമ്മീഷനില്‍ നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിട്ടില്ല. കോവളം കടല്‍ത്തീരത്ത് അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി കെ രാജുവും രാഗം റഹീമും ഫയല്‍ ചെയ്ത പരാതികളിലാണ് ഉത്തരവ്.

RELATED STORIES

Share it
Top