കോടതി അങ്കണത്തിലെ അറസ്റ്റ് അനുവദിക്കില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സുപ്രിംകോടതി മാ ര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കോടതി പരിസരത്തു നിന്ന് ആളുകളെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കരുതെന്നു മദ്രാസ് ഹൈക്കോടതി. തിരുപ്പൂരിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന സംഭവത്തെ കുറിച്ചുള്ള രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.
സുപ്രിം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് എതിരേയാണ് പോലീസിന്റെ അറസ്റ്റ് നടപടിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഷയം സര്‍ക്കാര്‍ പ്ലീഡര്‍ ടി എന്‍ രാജഗോപാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും കേസ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും കൈമാറിയിട്ടുണ്ടെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.  ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം. ഓട്ടോറിക്ഷ ഡ്രൈവര്‍ എം സിറ്റിബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്തോഷ് (29) അഭിഭാഷകന്‍ മുഖേന തിരുപ്പൂരിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോഴാണ് സംഭവം.
മജിസ്‌ട്രേറ്റിന് കീഴടങ്ങുന്നതിനു മുമ്പ് കോയമ്പത്തൂരിലെ സിങ്കനല്ലൂര്‍ പോലിസ് സംഘം പ്രതിയെ ബലാല്‍ക്കാരമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലിസിനെതിരേ നടപടിയാവശ്യപ്പെട്ടു തിരുപ്പൂര്‍ ബാര്‍ അസോസിയേഷന്‍ മുന്നോട്ടുവന്നിരുന്നു. കീഴടങ്ങാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് നിയമലംഘനമാണെന്ന് അവര്‍ പറഞ്ഞു. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സന്തോഷും മറ്റുചിലരും ചേര്‍ന്ന് ഏപ്രില്‍ നാലിനാണ് സിറ്റിബാബുവിനെ കൊലപ്പെടുത്തിയത്.
പോലിസുകാരന്റെ ഇടപെടല്‍ കോടതി നടപടി 15 മിനിറ്റ് തടസ്സപ്പെടാന്‍ ഇടാക്കിയെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈ വിധത്തില്‍ കോടതിയില്‍ കയറി അറസ്റ്റ് ചെയ്യാന്‍ പോലിസിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top