കോടതിവിധി സ്വാഗതാര്‍ഹം: പോപുലര്‍ ഫ്രണ്ട്‌

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡിലെ അലീമുദ്ദീന്‍ അന്‍സാരിയെ തല്ലിക്കൊന്നകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 സംഘപരിവാരക്കാര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച രാംഗഡ് അതിവേഗ കോടതിവിധിയെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ സ്വാഗതം ചെയ്തു. സംഘപരിവാരത്തിന്റെ തണലില്‍ ഗോരക്ഷയുടെ പേരില്‍ രൂപംകൊണ്ട ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയില്‍ കഴിയുന്ന ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഈ വിധി ആശ്വാസകരവും പ്രതീക്ഷയേകുന്നതുമാണ്. തല്ലിക്കൊലകളുടെ എണ്ണം വര്‍ധിച്ചുവരുന്നത് രാജ്യത്ത് നിയമവാഴ്ച ഇല്ലെന്നതിന് സമാനമായ പ്രതീതി സൃഷ്ടിച്ചിരുന്നു. ജാര്‍ഖണ്ഡില്‍ മാത്രം ഇത്തരത്തിലുള്ള അനവധി സംഭവങ്ങളാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അരങ്ങേറിയത്.
ബീഫ് നിരോധനം, കാലിക്കച്ചവടത്തിന് നിയന്ത്രണങ്ങള്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നയങ്ങളാണ് നിരപരാധികളെ എന്തും ചെയ്യാനുള്ള ധൈര്യം ഇത്തരം ക്രിമിനല്‍സംഘങ്ങള്‍ക്ക് നല്‍കിയത്. കേസുകളില്‍ ശിക്ഷിക്കപ്പെടില്ലെന്ന തോന്നല്‍ ഇവര്‍ക്ക് പ്രോല്‍സാഹനമായി. കാലിക്കച്ചവടക്കാരും ക്ഷീരകര്‍ഷകരുമായ സാധാരണ മുസ്‌ലിംകളാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് കൂടുതലും ഇരയായത്.
ബീഫ് കൈവശംവച്ചുവെന്ന് ആരോപിച്ച് പരസ്യമായി ആരെയും തല്ലിക്കൊല്ലാമെന്ന സ്ഥിതിവിശേഷം പോലും രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു. തല്ലിക്കൊല കേസിലെ പ്രതികള്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നത് ഇത് ആദ്യമാണ്. പശുസംരക്ഷകര്‍ക്ക് ഈ വിധി ഒരു മുന്നറിയിപ്പാണ്. ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം പുനസ്ഥാപിക്കാന്‍ ഈ വിധി ഇടയാക്കും. അലീമുദ്ദീന്‍ അന്‍സാരിയുടെ കുടുംബത്തിന് നീതി ഉറപ്പുവരുത്താന്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ അഭിനന്ദിച്ചു

RELATED STORIES

Share it
Top