കോടതിവിധി: മുസ്‌ലിംകളുടെ ആശങ്ക അകറ്റണം; പോപുലര്‍ഫ്രണ്ട്്‌

ന്യൂഡല്‍ഹി: നമസ്‌കാരം എവിടെവച്ചും നിര്‍വഹിക്കാമെന്നും അതിന് പള്ളിയുടെ ആവശ്യമില്ലെന്നുമുള്ള 1994 ലെ അലഹബാദ് ഹൈക്കോടതിവിധി ശരിവച്ച സുപ്രിംകോടതി വിധിയില്‍ കോഴിക്കോട് ചേര്‍ന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നതിന് വിസമ്മതം പ്രകടിപ്പിച്ച നടപടി ദൗര്‍ഭാഗ്യകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
വിധിമൂലം ഭാവിയിലുണ്ടായേക്കാവുന്ന ദൂരവ്യാപക ഫലങ്ങള്‍ പരമോന്നത നീതിപീഠം വേണ്ടത്ര ഗൗരവത്തിലെടുത്തില്ല എന്നുവേണം കരുതാന്‍. അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളും വെള്ളിയാഴ്ച ജുമുഅയും പള്ളികളില്‍ വച്ച് നിര്‍വഹിക്കണമെന്ന ഇസ്‌ലാമിക വിധി, പള്ളികള്‍ക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്. ഒരു മതത്തിലെയും ആരാധനാലയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുന്നതും വിധി നല്‍കുന്നതും മതേതര സ്വഭാവത്തിലുള്ള ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ അധികാരപരിധിയില്‍വരുന്നതല്ലെന്ന് യോഗം നിരീക്ഷിച്ചു.
പരിഗണിക്കപ്പെടുന്ന ഹരജി ബാബരി മസ്ജിദുമായി ബന്ധപ്പെട്ടതായതിനാല്‍ തന്നെ ഈ വിധി ബാബരിമസ്ജിദ്‌കേസിനെ ബാധിക്കുകയില്ലെന്നതില്‍ കൂടുതല്‍ വ്യക്തത വേണം. ഈ കേസില്‍ അലഹബാദ് ഹൈക്കോടതിവിധി കീഴ്‌വഴക്കമാവാന്‍ സാധ്യത നിലനില്‍ക്കുന്നു. സുപ്രിംകോടതിയെ വെല്ലുവിളിച്ച് രാമക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ച ഹിന്ദുത്വശക്തികള്‍ ഈ വിധി അവരുടെ വിജയമായി ആഘോഷിക്കു—ന്നുണ്ട്. കേസ് ഫാഷിസ്റ്റ് ശക്തികള്‍ രാഷ്ട്രീയ—മായി ദുരുപയോഗം ചെയ്യുന്നതിനെതിരേ കോടതി ഒരു നടപടിയും എടുത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍, വിധി പുനപ്പരിശോധിക്കാനും മുസ്‌ലിംകളുടെ ആശങ്കയകറ്റാനും പോപുലര്‍ ഫ്രണ്ട് പരമോന്നത നീതിപീഠത്തോട് അഭ്യര്‍ഥിച്ചു.
ആധാര്‍ ശരിവച്ച സുപ്രിംകോടതിവിധി നിരാശാജനകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പൗരന്‍മാരുടെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും ആഘാതമേല്‍പ്പിക്കുന്ന സര്‍ക്കാരിന്റെ കടുത്ത നടപടിയായിട്ടാണ് പോപുലര്‍ഫ്രണ്ട് ആധാറിനെ കാണുന്നത്. അതേസമയം ആധാര്‍ആക്റ്റിലെ 57ാം വകുപ്പ് റദ്ദാക്കി സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്ന സ്വകാര്യ കമ്പനികളെയും ബാങ്കുകളെയും തടഞ്ഞ നടപടി യോഗം സ്വാഗതംചെയ്തു.

RELATED STORIES

Share it
Top