കോടതിവിധി അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥര്‍: മുഖ്യമന്ത്രി

പത്തനംതിട്ട/കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രിംകോടതി വിധി പുറപ്പെടുവിച്ചാല്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പത്തനംതിട്ടയില്‍ നടന്ന എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
തന്ത്രിയെയും ദേവസ്വം ബോര്‍ഡിനെയും രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി, യുവതീപ്രവേശനവിധിയില്‍ അപാകതയുണ്ടെന്നുതോന്നുന്നില്ലെന്നും വ്യക്തമാക്കി. സുപ്രിംകോടതി വിധി ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിക്കും സന്നദ്ധമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണ്. പുനപ്പരിശോധനാ ഹരജി നല്‍കി ദേവസ്വം ബോര്‍ഡ് വടികൊടുത്ത് അടി വാങ്ങരുത്. ചിലരുടെ കോപ്രായങ്ങള്‍ കണ്ട് ബോര്‍ഡ് പിന്നാലെ പോവരുത്. ശബരിമല നട അടയ്ക്കുന്നതും തുറക്കുന്നതും തന്ത്രിയുടെ അവകാശമല്ല. കോന്തലയില്‍ കെട്ടുന്ന താക്കോലിലാണ് അധികാരമെന്നു കരുതരുത്. നൈഷ്ഠിക ബ്രഹ്മചാരി പ്രതിഷ്ഠയുള്ള ക്ഷേത്രമാണു ശബരിമല. പൂജാരിയും ബ്രഹ്മചാരി ആയിരിക്കണമെന്നാണു വ്യവസ്ഥ. എന്നാല്‍, ഇവിടത്തെ തന്ത്രിയുടെ ബ്രാഹ്മചര്യം എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
സുപ്രിംകോടതി പ്രധാനമായും പരിശോധിച്ചത് ശബരിമലയില്‍ സ്ത്രീപ്രവേശനം തടയുന്ന നിലപാട് ഭരണഘടനയ്ക്ക് അനുസൃതമാണോയെന്നാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൗലികാവകാശത്തിന് എതിരാണ് സ്ത്രീപ്രവേശനം തടയുന്ന നടപടിയെന്ന് സുപ്രിംകോടതി വ്യക്തമാക്കി. സ്ത്രീ—ക്കും പുരുഷനും പ്രായവ്യത്യാസമില്ലാതെ അവിടെ പോയി പ്രാര്‍ഥിക്കാന്‍ അവകാശമുണ്ടെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. ഇതിന് അതീവ പ്രാധാന്യമുണ്ട്. സുപ്രിംകോടതി വിധിക്കെതിരേ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ഇക്കാര്യം നിയമസഭ ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് ചിലര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരും നിയമസഭയുമെല്ലാം ഭരണഘടനയുടെ സൃഷ്ടിയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. അതിനാല്‍ ഭരണഘടനയെ മാനിക്കുന്ന നിലപാട് സ്വീകരിക്കുകയെന്നത് ഏതു സര്‍ക്കാരും പാലിക്കേണ്ട കാര്യമാണ്. സംസ്ഥാനത്തെ മറ്റ് ആരാധനാലയങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമാണ് ശബരിമല. എല്ലാ ജാതിമതസ്ഥര്‍ക്കും പ്രവേശനമുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. അവിടെ സ്ത്രീകള്‍ക്കു കൂടി പ്രവേശനമുണ്ടെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക പരിഷ്‌കരണപ്രസ്ഥാനത്തെ യാഥാസ്ഥിതികവിഭാഗം എല്ലാകാലത്തും എതിര്‍ത്തിട്ടുണ്ട്. കേരളത്തിലെ സമുന്നതരായ നേതാക്കളെപ്പോലും പുലഭ്യം പറഞ്ഞ യാഥാസ്ഥിതികര്‍ ഉണ്ടായിരുന്നു. സുപ്രിംകോടതി വിധി അവസരമായി ബിജെപി എടുത്തപ്പോള്‍ കോണ്‍ഗ്രസ്സും ഒപ്പം ചേര്‍ന്നതാണ് പലര്‍ക്കും മനസ്സിലാവാത്തത്. കോണ്‍ഗ്രസ്സെന്നാല്‍ പഴയ കോണ്‍ഗ്രസ്സല്ല. ഇന്നത്തെ ഒരുവിഭാഗം നേതാക്കളുടെ ശരീരം കോണ്‍ഗ്രസ്സിലും മനസ്സ് ബിജെപിയിലുമാണെന്നും അദ്ദേഹം ആരോപിച്ചു. ഭക്തരെ തടഞ്ഞ ജീവനക്കാര്‍ക്കെതിരേ നടപടി വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമല വഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ശബരിമല ക്ഷേത്രത്തിന്റെ അവകാശം ദേവസ്വം ബോര്‍ഡിനല്ല, പ്രതിഷ്ഠയ്ക്കാണ്. ക്ഷേത്രവും തന്ത്രിയും ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണെന്ന മുഖ്യമന്ത്രിയുടെ ധാരണ തെറ്റാണ്.
അവിശ്വാസിയായ മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കണമെന്നും എം ടി രമേശ് പറഞ്ഞു. വിശ്വാസിസമൂഹത്തെ ആക്ഷേപിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചുദിവസം സന്നിധാനത്ത് തടിച്ചുകൂടിയ ഭക്തരെ ക്രിമിനലുകള്‍ എന്നു വിശേഷിപ്പിച്ചത് ഒരു സിപിഎമ്മുകാരന് ഭൂഷണമാണെങ്കിലും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്കു ചേര്‍ന്നതല്ല. പരമാവധി ശ്രമിച്ചിട്ടും സ്ത്രീകളെ ശബരിമല കയറ്റാന്‍ കഴിയാതെ പോയതിലെ അമര്‍ഷമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രകടമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top