കോടതിയിലേക്കു കൊണ്ടുവന്ന കൊലക്കേസ് പ്രതി ബസ്സില്‍ നിന്നും ഇറങ്ങിയോടിഹരിപ്പാട്: സബ്ബ് ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ ബസില്‍ കൊണ്ടുവരുന്നതിനിടെ കൊലക്കേസ് പ്രതി ഇറങ്ങിയോടി. പോലിസും നാട്ടുകാരും  ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. പ്രതിയെ പിടികൂടാന്‍ശ്രമിക്കുന്നതിനിടെ രണ്ടു പോലിസുകാര്‍ക്ക് പരിക്കേറ്റു.മാധവാ ജങ്ഷനിലെ വാടകവീടിനുള്ളില്‍ പുഷ്പ കുമാരി കഴുത്ത് ഞെരിച്ച് കൊലചെയ്യപ്പെട്ട കേസിലെ പ്രതി വേണുവാണ് ബസില്‍ നിന്നും ഇറങ്ങിയോടിയത്. ഇന്നലെ രാവിലെ 10.45ന് നങ്ങ്യാര്‍കുളങ്ങര മാവേലിക്കര റൂട്ടില്‍ പള്ളിപ്പാട് ജങ്ഷനിലായിരുന്നു സംഭവം. മാവേലിക്കര സബ്ബ് ജയിലില്‍ നിന്നും സ്വകാര്യ ബസ്സില്‍ രണ്ട് പോലിസുകാരോടൊപ്പം വേണുവിനെ ഹരിപ്പാട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടവരികയായിരുന്നു. ആളെ ഇറക്കാനായി പള്ളിപ്പാട് ജങ്ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇയാള്‍ സമീപത്തിരുന്ന പോലി സുകാരനെ അക്രമിച്ച ശേഷം ബസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. കൈകള്‍ തമ്മില്‍ കൂട്ട് വിലങ്ങ് ഇല്ലാഞ്ഞതിനാല്‍ മറ്റ് യാത്രക്കാര്‍ക്കോ നാട്ടുകാര്‍ക്കോ ആദ്യം നടന്നതെന്താണെന്ന് മനസിലായില്ല. കൊലക്കേസ് പ്രതിയാണ് രക്ഷപെടുന്നതെന്ന് പോലിസുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബസിലെ യാത്രക്കാരും നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും വേണുവിന് പിന്നാലെ കൂടുകയായിരുന്നു. ജങ്ഷനില്‍ നിന്നും വടക്കോട്ട് ഇരുന്നൂറ് മീറ്ററോളം ഓടി ഒരു പുരയിടത്തിലേക്ക് കയറിയ ഇയാളെ പിന്തുടര്‍ന്നെത്തിയവര്‍ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലും വേണുവിന്റെ അക്രമണത്തിലുമായി സിപിഒ മാരായ പ്രദീപിനും സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിവരമറിഞ്ഞ് ഹരിപ്പാട് സിഐ ടി മനോജ് സ്ഥലത്തെത്തി പോലിസ് ജീപ്പിലാണ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോയത്.

RELATED STORIES

Share it
Top