കോടതിപ്പടിയിലെ ഡിവൈഡറുകള്‍; വ്യാപാരികളും ബസ്സുടമകളും രണ്ടു തട്ടില്‍

മണ്ണാര്‍ക്കാട്: ട്രാഫിക് പരിഷ്‌ക്കാരത്തിന്റെ ഭാഗമായി കോടതിപ്പടിയില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ മാറ്റണമെന്ന കാര്യത്തില്‍ വ്യാപാരികളും ബസ്സുടമകളും രണ്ടു തട്ടില്‍. ഡിവൈഡറുകള്‍ മാറ്റണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഇതിനായി മണ്ണാര്‍ക്കാട് ട്രാഫിക് ആക്്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോടതിപ്പടിയില്‍ കടയടപ്പും ദേശീയ പാത ഉപരോധവും സംഘടിപ്പിച്ചിരുന്നു. അതേ സമയം, കോടതിപ്പടിയില്‍ നിലവിലുള്ള ട്രാഫിക് പരിഷ്‌കാരം തുടരണമെന്നും മാറ്റം വരുത്തിയാല്‍ ബസുകള്‍ നിര്‍ത്തിയിട്ട് സമരം ചെയ്യുമെന്നും താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. നിലവിലെ ഗതാഗത ക്രമീകരണം ദേശീയ പാതയില ആയിരക്കണക്കിനു യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും സൗകര്യമാണ്.
ഗതാഗത കുരുക്കിന്റെ അളവ് കുറഞ്ഞു. അപകടങ്ങളും കുറഞ്ഞു. ഈ സാഹചര്യത്തില്‍ ഏതാനും വ്യാപാരികള്‍ക്കു വേണ്ടി വിജയകരമായി നടപ്പാക്കിയ ഗതാഗത പരിഷ്‌ക്കാരം മാറ്റരുതെന്ന് ഭാരവാഹികളായ സാദാ ഹാജി, ടി മൊയ്തുട്ടി, കെ വേണുഗോപാല്‍, എംഎം വര്‍ഗീസ്, ഫിഫ മുഹമ്മദാലി, പൊന്നു, ഏലിയാസ് പറഞ്ഞു.
നഗരത്തില്‍ സുഗമമായി നടക്കുന്ന ഗതാഗതക്രമീകരണം മാറ്റമില്ലാതെ തുടരണമെന്ന് ചുമട്ടു തൊഴിലാളി യൂനിയന്‍ (സിഐടിയു) മണ്ണാര്‍ക്കാട് മുനിസിപ്പല്‍ സമ്മേളനവും ആവശ്യപ്പെട്ടു. വീതിയില്ലാത്ത ഭാഗങ്ങളില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കുക വഴി ഗതാഗത കുരുക്കും അപകടങ്ങള്‍ വിളിച്ചു വരുത്തുകയാണെന്നാണ് ആക്്്ഷന്‍ കമ്മിറ്റിയുടെ ആരോപണം. ട്രേഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അനുതമിയില്ലാതെ ഡിവൈഡര്‍ സ്ഥാപിച്ചത് അനധികൃതമാണെന്നും ഇവ എടുത്തു മാറ്റണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഡിവൈഡറുകള്‍ മാറ്റുന്നത് വരെ സമരം തുടരുമെന്ന് കമ്മിറ്റി അറിയിച്ചു. കോടതിപ്പടിയില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്റിലെത്തി തിരിച്ച് പ്രതിഭ തിയറ്ററിനു മുന്നിലെത്തിയാണ് റോഡ് ഉപരോധിച്ചത്.
ചെയര്‍മാന്‍ സൈനുല്‍ ആബിദ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ടി എ സിദ്ധീഖ്, പരമശിവന്‍, സി എച്ച് അബ്ദുല്‍ഖാദര്‍, ബാസിത് മുസ്‌ലിം, കെ എം കുട്ടി, ബൈജു രാജേന്ദ്രന്‍,റഫീക് കുന്തിപ്പുഴ, രമേഷ് പൂര്‍ണിമ, ചാക്കോ, ഷമീര്‍, ഷൗക്കത്ത് സംസാരിച്ചു. ആക്്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ പാത ഉപരോധിച്ചവര്‍ക്ക് എതിരെ കേസെടുത്തു. ടി എ സിദ്ദീഖ്, ഫിറോസ് ബാബു, ബാസിത് മുസ്‌ലിം, റഫീഖ് കുന്തിപ്പുഴ, രമേഷ് പൂര്‍ണിമ, ബൈജു, പരമശിവന്‍, സുരേഷ് വര്‍മ, റീഗല്‍ ഷൗക്കത്ത് തുടങ്ങി കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.

RELATED STORIES

Share it
Top