കോടതിക്കും മുമ്പേ വിധിപ്രസ്താവം

എസ് നിസാര്‍

പ്രണയത്തോളം ശക്തമായി ആവിഷ്‌കരിക്കപ്പെട്ട മറ്റൊരു വികാരം സാഹിത്യലോകത്ത് വിരളമാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന കാല്‍പനിക ഭാവങ്ങള്‍ മുതല്‍, അനിര്‍വചനീയവും അഭൗതികവുമായ ആത്മീയാനുഭൂതിയുടെ തലങ്ങളില്‍ വരെ പ്രണയം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രണയത്തെപ്പോലെ ചിന്തയുടെ ലോകത്തെ കത്തിജ്വലിപ്പിച്ച മറ്റൊരു വികാരം സ്വാതന്ത്ര്യമാണ്. അധിനിവേശവും അടിച്ചമര്‍ത്തലും അടിമത്തവുമെല്ലാം സ്വാതന്ത്ര്യമെന്ന വികാരത്തിനു നല്‍കിയ ഭാവതലങ്ങള്‍ വ്യത്യസ്തമായിരുന്നു. വര്‍ഗവും വര്‍ണവും ദേശവും ഭാഷയും മതവും സംസ്‌കാരവുമൊക്കെ ചരിത്രത്തിലെ ഓരോ ഘട്ടത്തിലും വ്യത്യസ്തമായ നിലയില്‍ സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ രാസത്വരകങ്ങളായി മാറിയിട്ടുണ്ട്.
ഭാവനയിലും ചിന്തയിലും മാത്രമല്ല, ഇവ രൂപപ്പെടുത്തിയെടുത്ത സംവാദ പരിസരങ്ങളിലും ഈ വിശാലത പ്രകടമായിരുന്നു. ആധുനികതയുടെ പരിവേഷം അവകാശപ്പെടുന്ന കേരളീയ സമൂഹം പ്രണയത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ വീണ്ടും വാചാലമാവുമ്പോള്‍, നമ്മുടെ സംവാദ പരിസരങ്ങള്‍ക്കു പക്ഷേ, ചരിത്രപരമായ ഈ വിശാലതയെ ഉള്‍ക്കൊള്ളാനാവുന്നില്ല. പ്രണയത്തിനും സ്വാതന്ത്ര്യത്തിനുമൊക്കെ ഇക്കാലത്ത് അനുവാചകരും ആസ്വാദകരുമില്ല, മറിച്ച്, എല്ലാവരും അപ്പോസ്തലന്‍മാരാണ്. പ്രണയത്തിന്റെ റൂട്ട്മാപ്പും സ്വാതന്ത്ര്യത്തിന്റെ ഡ്രസ്‌കോഡുമൊക്കെ അവര്‍ നിശ്ചയിച്ചു നല്‍കും. പൊതുബോധത്തിന്റെ കൊന്തയും പൂണൂലും ധരിക്കാത്ത പ്രണയത്തിനും പോരാട്ടത്തിനും ഇവരുടെയടുത്ത് സ്ഥാനമുണ്ടാവില്ല. അതുകൊണ്ടാണ് ഹാദിയ പൊതുബോധത്തിന്റെ കംപാര്‍ട്ട്‌മെന്റില്‍ ഇടം കിട്ടാതെ അഖിലയായി ഇപ്പോഴും വേറിട്ടുനില്‍ക്കുന്നത്.
മലപ്പുറത്ത് തട്ടമിട്ട് ഫഌഷ്‌മോബ് കളിച്ച കുട്ടികള്‍ക്ക് കിട്ടിയ കട്ട സപ്പോര്‍ട്ട് പൊതുഇടങ്ങളില്‍ തട്ടമിടാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്ന പെണ്ണിനു കിട്ടാതെപോകുന്നതിനു പിന്നിലെ കാരണവും വേറെ അന്വേഷിക്കേണ്ടതില്ല. കാരണം, നമ്മുടെ പൊതുബോധ നിര്‍മിതി അത്രത്തോളം സെലക്ടീവായി കഴിഞ്ഞിരിക്കുന്നു. കറുപ്പ് ധരിച്ച് ഡ്യൂപ്ലിക്കേറ്റ് ഇരുമുടിക്കെട്ടും ചൂടി മല കയറാന്‍ വന്ന സൂര്യഗായത്രിയെ മേല്‍ക്കോയ്മാ മാധ്യമങ്ങളടക്കം അവരുടെ പൂര്‍വാശ്രമത്തിലെ രഹ്‌ന ഫാത്തിമയെന്ന പേരിലൂടെ ഇപ്പോഴും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ടാണ്. ഇസ്‌ലാമിനെ പുച്ഛിച്ചുതള്ളി ഹിന്ദുമതത്തില്‍ ചേക്കേറുകയും, ഉടുതുണിയുരിഞ്ഞ് ലിബറലിസത്തിന്റെ ഉന്മത്താവസ്ഥയില്‍ വിഹരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ തികച്ചും പ്രകോപനപരമായി ശബരിമലയിലേക്ക് എത്തുമ്പോള്‍ അവരെ ഇസ്‌ലാമിന്റെ ആലയില്‍ തന്നെ ചേര്‍ത്തുനിര്‍ത്തണമെന്നു തോന്നുന്ന പൊതുബോധത്തിന്റെ നിഷ്പക്ഷത സംശയാസ്പദമാണ്.
പ്രതിലോമ ചിന്തകളെ കലാപവഴിയിലേക്ക് ജ്വലിപ്പിച്ച് ആനയിക്കാന്‍ കഴിയുന്ന ദുരൂഹത അതിനു പിന്നിലുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ നാലതിരുകള്‍ക്കു പുറത്തുള്ള വിശാലമായ ലോകത്തെ മഹാഭൂരിപക്ഷത്തിന്റെയും ഉള്ളില്‍ രഹ്‌ന ഫാത്തിമ എന്ന പേരിനൊപ്പം തെളിയുന്ന ചിത്രത്തിന് ഇസ്‌ലാമിക ചിഹ്നങ്ങളുടെ അകമ്പടിയുണ്ടാവും. അത് ഉണ്ടാക്കുന്ന ദോഷവും നിര്‍ദോഷവും തിരിച്ചറിയാന്‍ പ്രാപ്തിയും പക്വതയും ഉള്ളവര്‍ തന്നെയാണ് ഇത്തരം ചര്‍ച്ചകളുടെ കടിഞ്ഞാണ്‍ പിടിക്കുന്നത്.
പുരോഗമന കാഴ്ചപ്പാടുകളെ കുറിച്ചാണ് നാം എപ്പോഴും ഊറ്റം കൊള്ളുക. അത് മതാതീതമാവണമെന്ന നിര്‍ബന്ധം പുതിയ കാലത്തിന്റെ സാംസ്‌കാരിക ബോധം നിശ്ചയിക്കുന്നവര്‍ക്കുണ്ട്. മതങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കപ്പെട്ട ആണ്‍കോയ്മാ സിദ്ധാന്തത്തിലാണ് ഈ വാദം നിലകൊള്ളുന്നത്. പക്ഷേ, സ്ത്രീപക്ഷത്തു നിന്നുകൊണ്ട് പൊട്ടിനെയും തട്ടത്തെയും നിര്‍വചിക്കുമ്പോള്‍, ഒന്ന് ഐശ്വര്യത്തിന്റെ പ്രതീകവും മറ്റൊന്ന് അടിച്ചമര്‍ത്തലിന്റെ പ്രതിബിംബവുമായി മാറുന്നതിലെ അസ്വാഭാവികത ഇവിടെ അഭിസംബോധന ചെയ്യപ്പെടാതെപോകുന്നു. പൊട്ടും തട്ടവും രണ്ടു മതസംസ്‌കാരങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അതിലൊന്നിനെ ഉള്‍ക്കൊള്ളുകയും മറ്റൊന്നിനെ തിരസ്‌കരിക്കുകയും ചെയ്യുന്നതിനു പകരം, രണ്ടിനെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വകവച്ചുനല്‍കാന്‍ നമ്മുടെ പുരോഗമന പൊതുബോധം ഇപ്പോഴും തയ്യാറല്ല.
മതാതീത വ്യക്തിത്വങ്ങളെ അടയാളപ്പെടുത്താന്‍ ശാരദക്കുട്ടിയെപ്പോലുള്ള പുതുതലമുറ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തുന്ന അന്വേഷണം ഉറൂബിന്റെ ഉമ്മാച്ചുവിലും ഖസാക്കിലെ മൈമൂനയിലും (സ്വാതന്ത്ര്യത്തിന്റെ നൃത്തച്ചുവടുകള്‍, എസ് ശാരദക്കുട്ടി, മാതൃഭൂമി ദിനപത്രം, 2017 ഡിസംബര്‍ 07) കൃത്യമായി ചെന്നെത്തുന്നതില്‍ പ്രതിഫലിക്കുന്നതും ഈ മനശ്ശാസ്ത്രം തന്നെ. പുതിയ കാലത്തെ സ്വാതന്ത്ര്യത്തിന്റെ തേട്ടങ്ങള്‍ക്കുള്ള മാതൃക പതിറ്റാണ്ടുകള്‍ക്കപ്പുറം മുസ്‌ലിം സാംസ്‌കാരിക പരിസരത്ത് രൂപംകൊണ്ട രണ്ടു തെറിച്ച പെണ്ണുങ്ങളില്‍ നിന്നുതന്നെയാവുന്നത് യാദൃച്ഛികതയല്ല. കാരണം, ആണ്‍കുട്ടികളോട് വായാടാന്‍ നിന്ന, തട്ടം തലയില്‍ നിന്ന് ഊര്‍ന്നുപോയാല്‍ കയറ്റിയിടാന്‍ കൂട്ടാക്കാത്ത പെണ്ണിന്റെ പ്രതീകമാണ് മൈമൂന. സര്‍ഗാത്മക സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഈ പൊതുബോധത്തിലേക്കാണ് ശാരദക്കുട്ടി സാക്ഷരരും പരിഷ്‌കാരികളുമായ പെണ്ണിനെ സ്വാഗതം ചെയ്യുന്നത്.
മുസ്‌ലിം സ്വത്വത്തെ നിഷേധിച്ചുകൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന മൈമൂനയിലും ഉമ്മാച്ചുവിലും ഉദാത്ത മാതൃക കണ്ടെത്തുന്ന ഇത്തരക്കാര്‍ക്കു പക്ഷേ, ഹാദിയയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തേട്ടവും പോരാട്ടവും അയുക്തികവും അശ്ലീലവുമായി മാറുന്നു. തട്ടത്തെ സ്വന്തം സ്വത്വമായും ജീവിതാദര്‍ശത്തിന്റെ പ്രതീകമായും സ്വീകരിച്ച ചൈതന്യമുള്ള ഹാദിയയേക്കാള്‍, മൈമൂനയും ഉമ്മാച്ചുവും പോലുള്ള സാങ്കല്‍പിക കഥാപാത്രങ്ങളാണ് നമ്മുടെ പൊതുബോധത്തിലേക്ക് കൂടുതല്‍ ഇഴുകിച്ചേരുന്നതെങ്കില്‍, കുഴപ്പം എവിടെയാണെന്നു കണ്ടെത്താന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ല.
വിശ്വാസത്തിലേക്കുള്ള നാള്‍വഴികളിലും സ്വാതന്ത്ര്യത്തിനായുള്ള കാത്തിരിപ്പിലും ഹാദിയ പ്രണയിച്ചിട്ടുണ്ടെങ്കില്‍ അത് ഇസ്‌ലാമിനെയാണ്. പ്രായപൂര്‍ത്തിയായതും ഉന്നത വിദ്യാഭ്യാസം നേടുകയും ചെയ്ത ഹാദിയ ലോകത്തോട് വിളിച്ചുപറഞ്ഞതാണിത്. പക്ഷേ, ഉദാരമെന്നും പുരോഗമനമെന്നും സ്വയം വിശേഷിപ്പിക്കുന്ന പൊതുബോധത്തിന്റെ വക്താക്കള്‍ ഹാദിയയുടെ പ്രണയത്തോട് കലഹിക്കുകയായിരുന്നു. തങ്ങള്‍ വരച്ചുകാട്ടുന്ന പ്രണയത്തിന്റെ അനന്തവൈവിധ്യങ്ങളിലെവിടെയും ഹാദിയയുടെ ഇസ്‌ലാമിനോടുള്ള പ്രണയത്തെ അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.
പ്രണയത്തിന്റെ ഉദയത്തിനും വളര്‍ച്ചയ്ക്കും വികാസത്തിനുമൊക്കെ പുതിയ ഉപാധികള്‍ രൂപപ്പെടുകയാണിവിടെ. അതിന്റെ ശരീരശാസ്ത്രം സ്ത്രീത്വത്തിനും പുരുഷത്വത്തിനുമിടയിലെ വ്യവഹാരങ്ങളില്‍ അധിഷ്ഠിതമാവണമത്രേ. അല്ലാത്തതെല്ലാം ലിബറല്‍ പൊയ്മുഖമണിഞ്ഞ അധികാരകേന്ദ്രങ്ങളുടെ അംഗീകാരപരിധിക്കു പുറത്താണ്. ഹാദിയയുടെ കാര്യത്തില്‍ ആകസ്മികമായുണ്ടായ വിവാഹത്തിനും അതിനു ശേഷം ഉടലെടുത്ത പ്രണയത്തിനും പോലും ഇവിടെ നിലനില്‍ക്കാന്‍ ഇടമില്ലെന്നായിരുന്നു തിട്ടൂരം. ഹാദിയ ഇസ്‌ലാമിലൂടെ തിരഞ്ഞെടുത്തത് തീവ്രവാദത്തിന്റെ അനന്തസാധ്യതകളെയാണെന്ന വ്യാഖ്യാനത്തിലൂടെ തങ്ങളുടെ വാദത്തെ ന്യായീകരിക്കുന്ന, ഇസ്‌ലാമിലെ സ്വാതന്ത്ര്യമെന്നത് വ്യാമോഹമാണെന്ന് കൃത്യമായി പറഞ്ഞുവയ്ക്കുന്ന പൊതുബോധം സങ്കുചിതമാവുന്നത് ഇവിടെയാണ് (പ്രണയജീവിതവഴികളിലെ മതബാധകള്‍, എസ് രാജശേഖരന്‍, സമകാലിക മലയാളം വാരിക, 2017 ഡിസംബര്‍ 11). തികച്ചും പക്ഷപാതപരമായ ഇത്തരം നിരീക്ഷണങ്ങള്‍ക്കും വികല ചിന്തകള്‍ക്കും ആവോളം ഇടവും പ്രോല്‍സാഹനവും നല്‍കിക്കൊണ്ടാണ് മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ പൊതുബോധ നിര്‍മിതിയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ഹാദിയയുടെ ഇസ്‌ലാം ആശ്ലേഷത്തോടുണ്ടായ അസഹിഷ്ണുതയാണ്, ഒരിക്കല്‍ പൊതുമനസ്സുകളില്‍ വിഷം നിറച്ച ശേഷം തകര്‍ന്നുവീണ 'ലൗജിഹാദ്' എന്ന പെരുംനുണയ്ക്ക് വീണ്ടും ജീവന്‍ നല്‍കിയത്. അതിന്റെ പേരിലാണ് സംഘപരിവാര-തീവ്രഹിന്ദുത്വ സംഘടനകളും ഫാഷിസ്റ്റ് ഭരണകൂടവും അവര്‍ക്ക് ഓശാന പാടുന്ന ഒരുപറ്റം മാധ്യമങ്ങളും രാജ്യമൊട്ടുക്ക് വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം വിതറിയത്. ഇതിന്റെ ഭാഗമായി നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് 11 കേസുകളുടെ വേരുകള്‍ അന്വേഷിച്ചെത്തിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തലനാരിഴ കീറിയുള്ള പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവില്‍ ഒന്നിനും തെളിവില്ലെന്നുകണ്ട് ഫയല്‍ മടക്കിയിരിക്കുന്നു.
പക്ഷേ, ഇതിനിടയില്‍ അന്വേഷണത്തിന്റെ പേരില്‍ അവര്‍ നിരത്തിയ കള്ളക്കഥകള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ വിഭാഗീയതയുടെ ആഴം ചില്ലറയല്ല. മാസങ്ങള്‍ നീണ്ടുനിന്ന മാധ്യമ വിചാരണയുടെ ഭാഗമായി സമൂഹമധ്യത്തില്‍ ആക്ഷേപിക്കപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്ത എ എസ് സൈനബയെയും ഷഫിനെയും പോലുള്ള വ്യക്തികളുണ്ട്. സത്യസരണി പോലുള്ള സ്ഥാപനങ്ങളുണ്ട്. നിരന്തരമായി വേട്ടയാടപ്പെട്ട പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും എസ്ഡിപിഐയും പോലുള്ള പ്രസ്ഥാനങ്ങളുണ്ട്.
അന്വേഷണത്തിന്റെയും മാധ്യമവിചാരണയുടെയും നാളുകളില്‍ ഇക്കൂട്ടര്‍ക്ക് നിഷേധിക്കപ്പെട്ട സാമാന്യ നീതി പുനഃസ്ഥാപിക്കാന്‍ കഴിയാത്തിടത്തോളം ഇവിടെ കൊട്ടിഘോഷിക്കപ്പെടുന്ന പൊതുബോധത്തിന്റെയും അതിന്റെ കുത്തകക്കാരായ പൊതുസമ്മതരുടെയും ധാര്‍മികതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. അന്വേഷണം തീരും മുമ്പേ കുറ്റപത്രം തയ്യാറാക്കിയ, കോടതിക്കും മുമ്പേ വിധി കല്‍പിച്ച ഇത്തരക്കാരുടെ മതേതരത്വത്തിനു മേല്‍ ഹാദിയ കേസിന്റെ പര്യവസാനം ചൂടിക്കൊടുത്ത കാപട്യത്തിന്റെ മൂടുപടം പാറിപ്പറന്നുകൊണ്ടിരിക്കും.
ഹാദിയയുടെ ഇസ്‌ലാമെന്ന യാഥാര്‍ഥ്യത്തേക്കാള്‍, അഖിലയുടെ പ്രണയമെന്ന സങ്കല്‍പത്തോടൊപ്പം നിന്ന കാപട്യമാണ് ഇവിടെ ആഘോഷിക്കപ്പെട്ടത്. മലപ്പുറത്തെ ഫഌഷ്‌മോബിനെ സ്വാതന്ത്ര്യത്തിന്റെ നൃത്തച്ചുവടുകളായി കൊട്ടിഘോഷിച്ച വ്യാഖ്യാനങ്ങളില്‍ എവിടെയും ആ കുട്ടികള്‍ ധരിച്ച ശിരോവസ്ത്രത്തെ അംഗീകരിച്ചതായി കണ്ടില്ല. അവര്‍ നിലനിര്‍ത്താന്‍ ശ്രമിച്ച ഇസ്‌ലാമിക സ്വത്വത്തിലല്ല, മറിച്ച്, പൊതുനിരത്തിലെ നൃത്തച്ചുവടുകളിലാണ് സ്വര്‍ഗം കുടികൊള്ളുന്നതെന്ന് പൊതുബോധ നിര്‍മിതിക്കാര്‍ നിരീക്ഷിക്കുമ്പോള്‍, തള്ളേണ്ടതിന്റെയും കൊള്ളേണ്ടതിന്റെയും അതിരുകള്‍ അതിനുള്ളില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്.
സ്വാതന്ത്ര്യത്തിന്റെ ഉദാത്ത മാതൃക ഉടുത്തൊരുങ്ങി ചന്തത്തില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളില്‍ പരിമിതപ്പെടുത്തി നിര്‍വൃതിയടയാനുള്ളതല്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലും പുതുപുത്തന്‍ തൊഴിലിടങ്ങളിലും ഉദ്യോഗരംഗത്തും കലാകായികരംഗങ്ങളിലും ഭരണസാരഥ്യത്തിലുമെല്ലാം ഇത്തരം അന്വേഷണങ്ങളെ വ്യാപിപ്പിക്കണം. മതത്തെ ജീവിതാദര്‍ശമായി ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ ജീവിക്കുന്ന, മതചിഹ്നങ്ങളെ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ട നിരവധി മനസ്സുകളെ അത്തരം പൊതുഇടങ്ങളില്‍ കാണാന്‍ കഴിയും. അവരില്‍ തട്ടമണിഞ്ഞവരും പൊട്ടു തൊട്ടവരും കൊന്ത ധരിച്ചവരും ഉണ്ടാവും. അവര്‍ കൂടി ശ്വസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവിലാണ് പൊതുബോധം ഉയര്‍ന്നുനില്‍ക്കേണ്ടത്. അതിന് അനുവദിക്കാതെ, ബോധപൂര്‍വമായ ചില ഒഴിവാക്കലുകള്‍ നടത്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചിന്തകളെ സെലക്ടീവാക്കി മാറ്റുന്ന മനോഭാവമാണ് നമ്മുടെ സാമൂഹിക അന്തരീക്ഷത്തില്‍ അഴുക്കു പടര്‍ത്തുന്നത്. ി

RELATED STORIES

Share it
Top