കോടതികളുടെ സമാന്തര അന്വേഷണം വേണ്ടെന്ന് കേന്ദ്രം

ന്യുഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി)തട്ടിപ്പ് കേസില്‍ കോടതിയുടെ ഭാഗത്ത് നിന്ന് സമാന്തര അന്വേഷണമോ, പരിശോധനയോ ആവശ്യമില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കി. പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപോര്‍ട്ട്് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള സുപ്രിംകോടതി നിര്‍ദേശത്തെ എതിര്‍ത്തു കൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചത്.
കോടതിയുടെ സമാന്തര അന്വേഷണം ഉേദ്യാഗസ്ഥന്റെ ധാര്‍മികതയെ ബാധിക്കുമെന്നാണ് കേന്ദ്ര നിലപാട്. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടാവാത്ത സാഹചര്യത്തില്‍ കോടതി പൊതുതാല്‍പര്യ ഹരജിയെ പ്രോ ല്‍സാഹിപ്പിക്കുന്നതെന്തിനാണെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചോദിച്ചു. അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പുതന്നെ ജനങ്ങള്‍ പൊതുതാല്‍പര്യ ഹരജികളുമായി  കോടതിയില്‍ വരുകയാണെന്നും അറ്റോര്‍ണി ജനറല്‍ ആരോപിച്ചു.
അന്വേഷണ സംഘത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടാന്‍ പരാതിക്കാരനു സാധിക്കുന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വജ്രവ്യാപാരി നീരവ് മോദിയും ബിസിനസ് പങ്കാളി മെഹുല്‍ ചോക്‌സിയും ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പ് 20,000 കോടി കവിഞ്ഞെന്നാണു റിപോര്‍ട്ട്.
പിഎന്‍ബിയില്‍ ഇവര്‍ നടത്തിയ 13,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പില്‍ സിബിഐ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും നടക്കുന്നുണ്ട്.

RELATED STORIES

Share it
Top