കോച്ച് ഫാക്ടറി: ഇരുമുന്നണിക്കും ബിജെപിക്കും ഒരുപോലെ പങ്ക്: എസ്ഡിപിഐ

പാലക്കാട്: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഒരു ന്യായീകരണവുമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിച്ചത് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതൃത്വങ്ങളുടെ കഴിവ്‌കേടുകൊണ്ടാണെന്ന് എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡ ന്റ് എസ് പി അമീര്‍ അലി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോപങ്ങള്‍ ഉയര്‍ന്നു വരണം.
കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ നിലപാടിനെതിരെ നിയമസഭ പ്രമേയം പാസാക്കണം. ബിജെപിക്ക് ഒരു കാലത്തും പാലക്കാട്ടെ കോച്ച് ഫാക്ടറിയോട് താല്‍പര്യമുണ്ടായിരുന്നില്ല. 2009ല്‍ സര്‍വെ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ തെരുവ് ഗുണ്ടകളെയിറക്കി കല്ലെറിഞ്ഞ് ഓടിച്ചവരാണ് ബിജെപി.
പാലക്കാട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാവുക എന്നതിലുപരി രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന മിനിമം അജണ്ട മാത്രമായിരുന്നു യുഡിഫിനും ഉണ്ടായിരുന്നത്. 2012 ഫെബ്രുവരി 22ന് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദിയെ കൊണ്ടുവന്ന് പാലക്കാട് കോട്ടമൈതാനിയില്‍ തറക്കല്ലിടുന്ന അപഹാസ്യമായ സമീപനമാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും കൈകൊണ്ടത്. എം ബി രാജേഷ് എംപി വാര്‍ത്താ സമ്മേളനം നടത്തി തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിക്ക് വേണ്ടി ആലങ്കാരികമായ ശ്രമങ്ങള്‍ക്കുപുറമേ ഭരണ സ്വാധീനമുപയോഗിച്ച് ശ്രമകരമായ എന്തൊക്കെ ചെയ്തുവെന്നത് വളച്ചുകെട്ടില്ലാതെ വ്യക്തമാക്കേണ്ടതുണ്ട്.
കേരളത്തെ അവഗണിച്ച കേന്ദ്ര നിലപാടിനെതിരെ നിയമപരമായ നീക്കം നടത്തേണ്ട ബാധ്യത എംപിയുടെ മുന്നണി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറിനുണ്ട്. ഇടതു സര്‍ക്കാര്‍ സംസ്ഥാന ഭരണം ഏറ്റടുത്തതിന് ശേഷം കോച്ചുഫാക്ടറിക്ക് വേണ്ടി എന്തു ചെയ്തുവെന്നു വിശദീകരിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top